എല്‍.ഡി.എഫിനെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് ജാവ്‌ദേക്കര്‍: ‘കേന്ദ്രത്തെ അഭിനന്ദിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണം, പച്ചക്കള്ളം പറയരുത്’

കോഴിക്കോട്: കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് പണം നല്‍കുന്നില്ലെന്ന പിണറായി സര്‍ക്കാരിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ എംപി. 2017 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 22.29 ലക്ഷം കോടി രൂപയാണ്. അതേസമയം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2009 മുതല്‍ 2014 വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന് മൊത്തം ലഭിച്ചത് 55,058 കോടി രൂപമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും തുക കേരളത്തിന് നല്‍കിയ കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കുകയാണ് വേണ്ടത്. എന്നാല്‍ പണം നല്‍കുന്നില്ലെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചത് നികുതിവരുമാനത്തിന്റെ 32 ശതമാനം വിഹിതം മാത്രമാണ്. അതേസമയം, മോദി സര്‍ക്കാര്‍ 41 ശതമാനം വിഹിതം നല്‍കി. ഈ കണക്കുകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ താന്‍ എല്‍ഡിഎഫ് നേതാക്കളെ വെല്ലുവിളിക്കുകയാണെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

പെട്രോള്‍ ഡീസല്‍ വിലയുടെ കാര്യത്തിലും കേരള സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണ്. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഗണ്യമായ കുറവ് വരുത്തി. പെട്രോളിന് ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്‌സൈസ് തീരുവ കുറച്ചത്. സംസ്ഥാന സര്‍ക്കാരുകളെല്ലാം ആറ് രൂപ മുതല്‍ എട്ട് രൂപ വരെ പെട്രോളിന് തീരുവ കുറച്ചെങ്കിലും കേരളം വെറും ഒരു രൂപയാണ് കുറച്ചത്. ഡീസലിന് മറ്റ് സംസ്ഥാനങ്ങള്‍ മൂന്ന് രൂപ മുതല്‍ 9 രൂപ വരെ കുറച്ചപ്പോള്‍ കേരളം കുറച്ചത് 1.74 രൂപ മാത്രം.

എന്നിട്ട് ഇന്ധനവിലയെ ചൊല്ലി കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രത്തെ പഴിക്കുകയാണ്. ത്രിപുരയില്‍ മാത്രമല്ല, കേരളത്തിലും കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ട് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ല അധ്യക്ഷന്‍ വി.കെ. സജീവന്‍, ജില്ലാ പ്രഭാരി അഡ്വ. കെ. ശ്രീകാന്ത്, കെ.പി. ശ്രീശൻ, കെ. നാരായണൻ, കെ.വി.എസ്. ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ ഇ. പ്രശാന്ത്കുമാര്‍, എം. മോഹനൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - BJP leader Prakash Javadekar against kerala govt and LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.