തൃശൂർ: തുടർച്ചയായി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതിൽ തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിനോട് സി.പി.എം വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഫലം വന്നതിന് ശേഷവും തൃശൂർ ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെ പ്രകീർത്തിക്കുന്ന പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ടാണ് എം.കെ. വർഗീസിനെ ചൊവ്വാഴ്ച സി.പി.എം തൃശൂർ ജില്ല ഓഫിസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
എൽ.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും രാജിവെക്കില്ലെന്നും സി.പി.എം ജില്ല സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എം.കെ. വർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമൊന്നുമില്ല. മറിച്ചുള്ള പ്രചാരണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയും സി.പി.ഐ നേതാവുമായ വി.എസ്. സുനിൽ കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം മേയറോട് വിശദീകരണം തേടിയത്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.കെ. വർഗീസ് തുടർച്ചയായി സ്വീകരിച്ച ബി.ജെ.പി അനുകൂല നിലപാടുകളാണ് ഇടതുപക്ഷത്തിന് തലവേദന സൃഷ്ടിച്ചത്. തൃശൂരിന് ഏറ്റവും ഫിറ്റായ എം.പി സ്ഥാനാർഥിയാണ് ബി.ജെ.പിയുടെ സുരേഷ് ഗോപി എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലുള്ള ഡീലിന്റെ ഉദാഹരണമാണ് മേയറുടെ പ്രസ്താവനയെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ ആരോപിച്ചിരുന്നു. എൽ.ഡി.എഫിന്റെ കർശന നിർദേശത്തെ തുടർന്ന് എം.കെ. വർഗീസ് അഭിപ്രായം മാറ്റിപ്പറഞ്ഞെങ്കിലും സുരേഷ് ഗോപിയെ തള്ളിപ്പറയാൻ തയാറായില്ല.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഹോട്ടലിൽ കണ്ടുമുട്ടിയ സുരേഷ് ഗോപിയെ അകമഴിഞ്ഞ് അഭിനന്ദിച്ചതും മുന്നണിക്ക് തലവേദനയായി. സുരേഷ് ഗോപിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും വർഗീസ് പറഞ്ഞതോടെ എൽ.ഡി.എഫിൽ പ്രതിഷേധം അണപൊട്ടി.
കോൺഗ്രസുമായി പിണങ്ങി സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച എം.കെ. വർഗീസിനെ മതിയായ ഭൂരിപക്ഷമില്ലാത്തതിനാൽ അധികാരം പിടിക്കാനായി എൽ.ഡി.എഫ് മേയറാക്കുകയായിരുന്നു. അന്നുമുതൽതന്നെ മേയർ ഉയർത്തുന്ന ‘സ്വതന്ത്ര’ അഭിപ്രായപ്രകടനങ്ങൾ എൽ.ഡി.എഫിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. അതിൽ ഏറ്റവും ഒടുവിലത്തേതാണ് മേയറുടെ ബി.ജെ.പി പിന്തുണ.
രണ്ടു വർഷത്തെ മേയർ സ്ഥാനമാണ് എൽ.ഡി.എഫ് വർഗീസിന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും മാറിക്കൊടുക്കാൻ അദ്ദേഹം തയാറായിട്ടില്ല. ഇത് ഇടത് കൗൺസിലർമാർക്കിടയിലും അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ അത് കൂടുതൽ രൂക്ഷമാകും.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാനുള്ള തന്ത്രങ്ങളാണ് മേയർ പയറ്റുന്നതെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. കോർപറേഷൻ കൗൺസിൽ യോഗത്തിലടക്കം ബി.ജെ.പി അംഗങ്ങളുടെ കൈയടി നേടാൻ മേയർ ബി.ജെ.പി -സുരേഷ് ഗോപി അനുകൂല പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും ഇടത് അംഗങ്ങൾ അതുകേട്ട് കൈയടിച്ചിട്ടുണ്ടെന്നും രാജൻ ജെ. പല്ലൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.