അയ്യപ്പൻമാരെയും ഇരുമുടിക്കെട്ടും പരിശോധിച്ചാൽ ഭവിഷ്യത്ത് നേരിടേണ്ടി വരും-ശ്രീധരൻ പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ള. അയ്യപ്പൻമാരെയും ഇരുമുടിക്കെട്ടും പരിശോധിച്ചാൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് അദ്ദേഹം സർക്കാറിന് മുന്നറിയിപ്പ് നൽകി. സഹനസമരമാണ് ബി.ജെ.പി നടത്തുക. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ക്രൂരമായ സമീപനമാണ് സർക്കാറിൻെറ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അയ്യപ്പനെ ബന്ദിയാക്കി സർക്കാറിന്റെ ഇംഗിതം നടപ്പാക്കാനാണുദ്ദേശമെങ്കിൽ അപകടകരമായ സാഹചര്യമുണ്ടാകും.

ശബരിമല സർക്കാർ സംവിധാനത്തിന്റെ ഭാഗമല്ല. ശബരിമലയിലും പരിസരത്തും അസാധാരണമായ സാഹചര്യം സൃഷ്ടിച്ച് അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്കാണ് സർക്കാർ നയിക്കുന്നത്. സർക്കാർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ്. ധിക്കാരത്തിൻെറയും അഹങ്കാരത്തിൻെറയും നിലപാടാണിത്. സി.പി.എം പാർട്ടി കോൺഗ്രസ്സിൽ എടുത്ത പരാജയപ്പെട്ട തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണിതെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

നാണക്കേടിന്റെ പേരാണോ സി.പി.എം. കേരളത്തിൽ സി.പിഎമ്മിൻെറ അന്ത്യകർമ്മം നടക്കാൻ പോകുകയാണ്. വിശ്വാസികൾ അത്രയും ശക്തരാണ്. അടിയന്തിരാവസ്ഥ കാലത്ത് പിണറായി വിജയനെ മർദ്ദിച്ച വിവരം ആർ.എസ്.എസ് ആണ് പുറത്തെത്തിച്ചത്. ദേശാഭിമാനി പോലും ഒപ്പമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

നാളെ പത്തനംതിട്ടയിൽ സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും 12 നേതാക്കൾ ബി.ജെ.പിയിൽ ചേരും. ആവശ്യപ്പെട്ടാൽ ലോറൻസിന്റെ കുടുംബത്തിലെ മുഴുവൻ പേരും ബി.ജെ.പിയിൽ ചേരും. ബി.ജെ.പിയിലേക്ക് വന്ന രാമൻ നായരെ അറിയില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ശ്രീധരൻപിള്ള പരിഹസിച്ചു. മുല്ലപ്പള്ളിയുടെ ഓർമ്മശക്തി ഇത്ര പെട്ടെന്ന് നഷ്ടമായോ എന്ന് അദ്ദേഹം ചോദിച്ചു.

Tags:    
News Summary - bjp warns cpim- sabarimala - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.