തൃപ്പൂണിത്തുറ\ഓയൂർ: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എറണാകുളം തൃപ്പൂണിത്തുറയിലെയും കൊല്ലം വെളിനല്ലൂരിലെയും തോൽവി എൽ.ഡി.എഫിന് ക്ഷീണമായി. തൃപ്പൂണിത്തുറ നഗരസഭയിൽ ബി.ജെ.പിയുടെ ഇരട്ട അട്ടിമറി വിജയത്തോടെ ഭരണകക്ഷിയായ എൽ.ഡി.എഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. എൽ.ഡി.എഫ് - 25, എൻ.ഡി.എ -15, യു.ഡി.എഫ് -എട്ട്, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയായിരുന്ന കക്ഷിനില. ഉപതെരഞ്ഞെടുപ്പോടെ എൽ.ഡി.എഫ് -23, എൻ.ഡി.എ -17 എന്നിങ്ങനെയായി മാറി. 49 അംഗ കൗൺസിലിൽ 25 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് വാർഡിലും ബി.ജെ.പി വളരെ കുറഞ്ഞ വോട്ടിനാണ് പരാജയപ്പെട്ടത്. അതേ സ്ഥാനാർഥികൾതന്നെ നിസ്സാര ഭൂരിപക്ഷത്തിനാണ് ഇത്തവണ അട്ടിമറി വിജയം നേടിയത്. ഇളമനത്തോപ്പ് വാർഡിൽ കഴിഞ്ഞ തവണ 144 വോട്ട് നേടിയ യു.ഡി.എഫ് ഇത്തവണ 73 വോട്ട് മാത്രമാണ് നേടിയത്. പിഷാരികോവിൽ വാർഡിൽ വർധിച്ച വോട്ടുകളിൽ എൽ.ഡി.എഫിന് 92ഉം ബി.ജെ.പിക്ക് 127ഉം ലഭിച്ചപ്പോൾ യു.ഡി.എഫിന് ലഭിച്ചത് 25 വോട്ട് മാത്രമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ. ബാബുവിന്റെ വിജയത്തിന് സഹായിച്ചതിന് പകരം വോട്ടുകൾ നൽകി യു.ഡി.എഫ് ഇത്തവണ ബി.ജെ.പിയെ സഹായിക്കുകയായിരുന്നെന്ന ആരോപണം എൽ.ഡി.എഫ് ഉയർത്തിയിട്ടുണ്ട്.
19 വാർഡുള്ള നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിൽ 17ാം വാർഡ് അംഗം രാജിവെച്ചതോടെ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും അംഗസംഖ്യ ഒമ്പത് വീതമായിരുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. വിജയം നേടിയതിനാൽ ഇവിടെ കോൺഗ്രസ് ഭരണം ഉറപ്പിച്ചു.
വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡിൽ ഫലം അനുകൂലമായതോടെ ചരിത്രം തിരുത്തി യു.ഡി.എഫ് ഭരണത്തിലേക്ക് അടുക്കുകയാണ്. യു.ഡി.എഫിലെ നിസാർ വട്ടപ്പാറ (കോൺ.) 399 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണ് ഭരണമാറ്റത്തിന് വഴിയൊരുങ്ങുന്നത്. എൽ.ഡി.എഫിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷീജ നൗഷാദാണ് (സി.പി.ഐ) പരാജയപ്പെട്ടത്. യു.ഡി.എഫ് വിജയിച്ചതോടെ കക്ഷി നില, വെൽഫയർ പാർട്ടി ഉൾപ്പടെ യു.ഡി.എഫ് -എട്ട്, എൽ.ഡി.എഫ് -ഏഴ്, ബി.ജെ.പി -രണ്ട് എന്ന നിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.