തിരുവനന്തപുരം: കേരളത്തിൽ ഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളെയും മതപരിപാടികളെയും ആർ.എസ്.എസും ബി.ജെ.പിയും ഉപയോഗപ്പെടുത്തിയെന്നും അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി.
ഇക്കാര്യം സ്വയം വിമർശനാത്മകമായി ശ്രദ്ധിക്കേണ്ടതാണെന്നും മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുക്കണമെന്നും തെരഞ്ഞെടുപ്പ് തോൽവി അവലോകനംചെയ്ത് തയാറാക്കിയ റിപ്പോർട്ടിൽ കേരള ഘടകത്തിന് നിർദേശം നൽകി. സംസ്ഥാന നേതൃത്വത്തിന്റെ അവലോകന റിപ്പോർട്ടിൽ ഇക്കാര്യം പറഞ്ഞിരുന്നില്ല.
സി.പി.എമ്മിനെതിരെ സംഘ്പരിവാർ ഉയർത്തിവട്ട മുസ്ലിം പ്രീണന ആക്ഷേപം വലിയതോതിൽ പാർട്ടിക്ക് എതിരായി വന്നെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നു. ആലപ്പുഴ, ആറ്റിങ്ങൽ പോലുള്ള മണ്ഡലങ്ങളിൽ സി.പി.എമ്മിന്റെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ ബെൽറ്റിൽ വൻ ചോർച്ചയുണ്ടായി.
ആ വോട്ടുകൾ ബി.ജെ.പിയിലേക്കാണ് ഒഴുകിയത്. എസ്.എൻ.ഡി.പി നേതൃത്വം ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിച്ചതാണ് കാരണം. എസ്.എൻ.ഡി.പിയുടെ സംശയാസ്പദമായ പങ്ക് തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടി ഉചിത നടപടി സ്വീകരിക്കണം. അതേസമയം തന്നെ, മുസ്ലിം പ്രീണനമെന്ന വ്യാജ ആരോപണം തള്ളിക്കളയണം.
മുസ്ലിം ന്യൂനപക്ഷത്തോടുള്ള പാർട്ടി സമീപനം മതേതര ജനാധിപത്യ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന പ്രചാരണവും നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.