തിരുവനന്തപുരം: സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും ഭരണ വൈകല്യങ്ങൾക്കുമെതിരെ ജനകീയവിചാരണയും താക്കീതുമായി യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെ ആറു മുതൽ ഒഴുകിയെത്തിയ വളന്‍റിയർമാർ അക്ഷരാർഥത്തിൽ ഭരണസിരാ കേന്ദ്രത്തെ സ്തംഭിപ്പിച്ചു.
വിലക്കയറ്റം, അഴിമതി, സഹകരണ ബാങ്ക് കൊള്ള, കർഷകരോടുള്ള അവഗണന, ക്രമസമാധാന തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ’ സമരത്തിന്റെ ഭാഗമായായിരുന്ന ഏഴ് മണിക്കൂർ ഉപരോധം. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി എഴുന്നേല്‍ക്കുന്ന കൊള്ളക്കാരാണ് കേരളം ഭരിക്കുന്നതെന്നും അഴിമതിയുടെ ചളിക്കുണ്ടില്‍വീണ മുഖ്യമന്ത്രിയാണ് ഈ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നതെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ പറഞ്ഞു. ഇത്രയും കഴിവുകെട്ടൊരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാറിന്റെ മുഖമുദ്ര.
എ.ഐ ക്യാമറ മുതൽ കെ- ഫോണും മാസപ്പടി ഇടപാടും വരെയുള്ള കൊള്ളയുടെ നിഷേധിക്കാനാകാത്ത തെളിവുകളാണ് പ്രതിപക്ഷം ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇതിനെ പ്രതിരോധിച്ച് ഒരു വാചകംപോലും പറയാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു.
രണ്ടു തവണ ഭരിച്ചിട്ട് കേരളത്തില്‍ എന്തുണ്ടാക്കിയെന്ന് കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. കാലം കുറേയായി യു.ഡി.എഫ് ഉണ്ടാക്കിയതിന് പച്ചക്കൊടി കാണിക്കാന്‍ എന്നല്ലാതെ സ്വന്തമായി ഒന്നും കൊണ്ടുവരാന്‍ ഇടത് സര്‍ക്കാറിനായിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാവിലെ ആറിന് തുടങ്ങിയ ഉപരോധം ഉച്ചക്ക് ഒന്നിനാണ് സമാപിച്ചത്.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എം.എല്‍.എ, പി.എം.എ. സലാം, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മാണി സി. കാപ്പന്‍ എം.എല്‍.എ, രാജന്‍ ബാബു, ജി. ദേവരാജന്‍, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥപെരുമാള്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരൻ, ബെന്നി ബഹനാന്‍, അടൂര്‍ പ്രകാശ്, പി.വി. അബ്‌ദുൽ വഹാബ്, രമ്യ ഹരിദാസ്, ആന്റോ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.