പിരായിരി (പാലക്കാട്): കഴിഞ്ഞ മാർച്ചിൽ പിരായിരിയിൽ ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂവെയ്ൽ ഗെയിമെന്ന് സംശയം. ഇൗ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തവരിൽ കണ്ടിരുന്ന ലക്ഷണങ്ങൾ മരിച്ച ആഷിഖിലും കണ്ടിരുന്നതായി വീട്ടുകാർ പറയുന്നു. എന്നാൽ, ആത്മഹത്യ ചെയ്ത ആഷിഖ് ബ്ലൂവെയ്ൽ കളിച്ചതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ടൗൺ നോർത്ത് പൊലീസ് സി.െഎ ആർ. ശിവശങ്കരൻ പറഞ്ഞു.
മാർച്ച് 30നാണ് പാലക്കാട് വിക്ടോറിയ കോളജിലെ ബി.കോം അവസാന വർഷ വിദ്യാർഥി പിരായിരി പള്ളിക്കുളം കുളത്തിങ്ങൽ വീട്ടിൽ അസ്മാബിയുടെ മകൻ ആഷിഖിനെ (20) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017- മാർച്ച് 29-ന് കോയമ്പത്തൂരിൽ ബന്ധുവിെൻറ വിവാഹത്തിന് അസ്മാബിയും ആഷിഖും ഒരുമിച്ച് പോയിരുന്നു. 30-നായിരുന്നു വിവാഹം.
എന്നാൽ, 30-ന് രാവിലെ കോളജിൽ സെൻറ് ഓഫ് ഉണ്ടെന്ന് പറഞ്ഞ് വിവാഹ ചടങ്ങിന് നിൽക്കാതെ ആഷിഖ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വൈകീട്ട് അസ്മാബി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലൂവെയ്ൽ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ ലക്ഷണങ്ങൾ പുറത്തുവന്നതോടെയാണ് ഇവ ആഷിഖിലും ഉണ്ടായിരുന്നതായി വീട്ടുകാർക്ക് ബോധ്യപ്പെട്ടത്. ദേഹത്ത് സ്വയം മുറിവുണ്ടാക്കുക, കൈതണ്ട മുറിച്ച് രക്തം ഒലിപ്പിച്ച് കടലിൽ ഇറങ്ങി നിൽക്കുന്ന ഫോട്ടോ വീട്ടിലേക്ക് അയക്കുക തുടങ്ങിയവ ആഷിഖും ചെയ്തിട്ടുണ്ട്.
മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചതായും രാത്രി വൈകിയും മൊബൈലിൽ കളിച്ചിരുന്നെന്നും വീട്ടുകാർ പറയുന്നു. ഒരിക്കൽ രാത്രി തൊട്ടടുത്ത ഖബർസ്ഥാനിൽ പോയിനിൽക്കുന്നത് കണ്ടതായി അയൽക്കാർ പറഞ്ഞതായും മാതാവ് പറയുന്നു.
പഠനത്തിൽ മിടുക്കനായിരുന്ന ആഷിഖിന് പ്ലസ് ടുവിന് സമ്പൂർണ എ പ്ലസ് ആയിരുന്നു. 13 വർഷം മുമ്പാണ് ആഷിഖിെൻറ പിതാവ് തമിഴ്നാട് സ്വദേശി ഖാദർ പാഷ മരിച്ചത്. തുടർന്ന് അസ്മാബി വീട്ടുജോലിക്ക് പോയാണ് മകനെ നോക്കിയിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഓലഷെഡ് മാറ്റി വീട് പുതുക്കിപ്പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.