കൊച്ചി: സംസ്ഥാനത്ത് ബോട്ട് അപകടങ്ങൾ സംഭവിക്കുന്നതിന് പിന്നാലെ അന്വേഷണവും കണ്ടെത്തലുകളും ഉണ്ടാകുന്നുണ്ടെങ്കിലും പരിഹാര നിർദേശങ്ങൾ ജലരേഖയാകുന്നു. നാടിനെ നടുക്കിയ തട്ടേക്കാട്, കുമരകം, തേക്കടി അപകടങ്ങൾ അന്വേഷിച്ച കമീഷനുകൾ നൽകിയ ശിപാർശകളിൽ ഭൂരിഭാഗവും നടപ്പായില്ല. തട്ടേക്കാട് ബോട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് പരീത്പിള്ള സമർപ്പിച്ച റിപ്പോർട്ടിൽ ഉൾനാടൻ ഗതാഗതം സംബന്ധിച്ച് സമഗ്ര നിയമനിർമാണം നടത്തണമെന്ന നിർദേശമുണ്ടായിരുന്നു.
നീന്തൽ പാഠ്യേതരവിഷയമാക്കണമെന്നതുൾപ്പെടെ എൺപത്താറോളം നിർദേശങ്ങളിൽ പ്രധാനപ്പെട്ടവപോലും നടപ്പായില്ല. കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിച്ച നാരായണക്കുറുപ്പ് കമീഷൻ മരിച്ചവരുടെ 29 പേരുടെ ആശ്രിതർക്കായി 91,61,000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത് നാമമാത്രമാണ് നൽകിയത്.
റിപ്പോർട്ടിൽ മുന്നോട്ടുവെച്ച, ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന നിർദേശം പോലും പൂർണമായും നടപ്പായില്ല. തേക്കടിയിൽ ബോട്ടിന്റെ അശാസ്ത്രീയ നിർമാണവും കൂടുതലാളുകളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതുമാണ് അപകടകാരണമായി ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് കമീഷൻ കണ്ടെത്തിയത്. അന്വേഷണസംഘം 22 വീഴ്ചകൾ കണ്ടെത്തിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയൊന്നും സർക്കാർ സ്വീകരിച്ചില്ല.
ടൂറിസം വകുപ്പിലെയും കേരള ടൂറിസം വികസന കോർപറേഷനിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണ് ദുരന്തമെന്നും കണ്ടെത്തിയിരുന്നു. ദുരന്തം ആവർത്തിക്കാതിരിക്കാൻ സംസ്ഥാന മാരിടൈം ബോർഡ് രൂപവത്കരിച്ചത് കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.
18 പേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ട് ദുരന്തത്തിലെ മുഖ്യപ്രതി പി.എം രാജുവിന് അഞ്ച് വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും അഡീഷനല്‍ ജില്ല ജഡ്ജി വിധിച്ചിരുന്നു. ശിക്ഷ പിന്നീട് ഹൈകോടതി രണ്ട് വർഷമായി ഇളവ് ചെയ്തു. റോഡ് അപകടങ്ങൾ പോലെ സംഭവിച്ച ഒന്നാണിതെന്ന് വിലയിരുത്തിയാണ് ഹൈകോടതി ശിക്ഷ ഇളവ് ചെയ്തത്.
പല്ലന മുതൽ താസനൂർവരെ ആളെ കുത്തിനിറച്ച് ദുരന്തങ്ങൾ
2007 ഫെബ്രുവരിയിലായിരുന്നു നാടിനെ നടുക്കിയ തട്ടേക്കാട് ബോട്ട് ദുരന്തം ഉണ്ടായത്. ബോട്ട് മുങ്ങി 15 വിദ്യാർഥികൾക്കും, മൂന്ന് അധ്യാപകർക്കുമാണ് ജീവൻ നഷ്ടമായത്. അനുവദനീയമായതിന്റെ ഇരട്ടിയിലേറെ പേരെ കയറ്റിയതാണ് ബോട്ട് മുങ്ങാൻ കാരണമായത്. അങ്കമാലിക്ക് സമീപമുള്ള എളവൂര്‍ സെന്റ് ആന്റണീസ് യു.പി സ്കൂളിലെ വിദ്യാര്‍ഥികളും മൂന്ന് അധ്യാപികമാരുമാണ് മരിച്ചത്.
2002 ജൂലൈ 27ന് മുഹമ്മയിൽ നിന്ന് യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗതാഗതവകുപ്പിന്റെ ബോട്ട് മുങ്ങുകയായിരുന്നു. കുമരകം ജെട്ടിയിൽ ബോട്ട് എത്തുന്നതിന് ഏതാനും കിലോമീറ്റർ അകലെ െവച്ചാണ് അപകടം ഉണ്ടായത്. 29പേർ മരിച്ചു. എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്.
2009 സെപ്റ്റംബർ 30നാണ് തേക്കടി തടാകത്തിൽ കെ.ടി.ഡി.സിയുടെ ജലകന്യക ബോട്ട് മറിഞ്ഞ് 45 പേർ മരിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ബോട്ടപകടമായിരുന്നു അത്. 75 പേർ കയറേണ്ട ബോട്ടിൽ 97 പേരാണ് അപകടസമയത്തുണ്ടായിരുന്നത്. 1924 ജനുവരി 24നാണ് കൊല്ലത്തുനിന്ന് പുറപ്പെട്ട ബോട്ട് പല്ലനയാറ്റിൽ മറിഞ്ഞ് മഹാകവി കുമാരനാശാനടക്കം 23 പേർ മരിച്ചത്. 95 പേർക്ക് കയറാവുന്ന ബോട്ടിൽ 151 യാത്രക്കാരാണ് അന്നുണ്ടായിരുന്നത്. ഇതാണ് സംസ്ഥാനത്ത് ആദ്യ ബോട്ടപകടമായി രേഖപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.