മാവൂർ: ബോട്ട് മറിഞ്ഞ് പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മുണ്ടുമുഴി സ്വദേശികളായ അജു, ഉബൈദ് എന്നിവരാണ് ഒഴുക്കിൽപെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാമ് സംഭവം.
മുണ്ടുമുഴിയിൽനിന്ന് യന്ത്രം ഘടിപ്പിച്ച ഉല്ലാസ ബോട്ടിൽ ചാലിയാറിലൂടെ മുകളിലേക്ക് ഓടിച്ച് ഇരുവഴിഞ്ഞിപുഴയിൽ എത്തിയ ഇവർ ഇടവഴിക്കടവ് പാലത്തിനുസമീപം അപകടത്തിൽപെടുകയായിരുന്നു. മറിഞ്ഞ ബോട്ടിന്റെ മുകൾഭാഗത്ത് പിടിച്ചുനിന്ന രണ്ടുപേരും ഒഴുകി ചാലിയാറിൽ എത്തി.
ഇടവഴിക്കടവ് പാലത്തിനു മുകളിൽനിന്ന് ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കൂളിമാട് കടവ് പാലത്തിനു മുകളിൽനിന്ന് കയർ ഇട്ടു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ബോട്ടിൽനിന്ന് രണ്ടുപേരും പിടിവിട്ടത് ആശങ്ക പരത്തി. നീന്തിവന്ന് വീണ്ടും ബോട്ടിൽ പിടിച്ചുനിന്ന ഇവർ 400 മീറ്ററോളം താഴേക്ക് ഒഴുകി.
തുടർന്ന്, ഇവരെ മപ്രം കൊന്നാര് മഖാമിന് സമീപം കയറിട്ടുകൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. എളമരം പാലത്തിൽ പൊലീസും ടി.ഡി.ആർ.എഫ് വളണ്ടിയർമാരും നാട്ടുകാരും സജ്ജരായി നിന്നെങ്കിലും ഇവിടെ എത്തുന്നതിനു മുമ്പുതന്നെ രക്ഷപ്പെടുത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.