ഷഹർബാനയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ

ഇരിട്ടിയിൽ പുഴയിൽ കാണാതായ പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഇരിട്ടി പഴശ്ശി ജലാശയത്തിന്‍റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ ഷഹർബാനയുടെ (28) മൃതദേഹമാണ് ഇന്ന് രാവിലെ എട്ടു മണിയോടെ കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷഹർബാനക്കൊപ്പം കാണാതായ ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യക്ക് (23) വേണ്ടി തിരച്ചിൽ തുടരുകയാണ്. എൻ.ഡി.ആർ.എഫിന്‍റെ 25 അംഗ സംഘം ഇന്നലെ വൈകീട്ടോടെ എത്തി തിരച്ചിലിൽ പങ്കുചേർന്നിരുന്നു.

എടയന്നൂർ ഹഫ്‌സത്ത്‌ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്സത്തിന്റെയും മകളാണ് ഷഹർബാന. വിവാഹിതയാണ്. ഏതാനും മാസം മുമ്പാണ് പിതാവ് മരണപ്പെട്ടത്. ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസിൽ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ.

സൂര്യ, ഷഹർബാന

 

ഇരിക്കൂർ സിഗ്‌ബ കോളജിലെ ബി.എ സൈക്കോളജി അവസാനവർഷ വിദ്യാർഥിനികളായ ഷഹർബാനയെയും സൂര്യയെയും ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പൂവം പുഴയിൽ കാണാതായത്. കോളജിൽ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂർ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈൽഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയശേഷം പൂവത്തെ കൂറ്റൻ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി.

കരയിൽനിന്ന് ജസീന ഇവരുടെ ഫോട്ടോ എടുത്തിരുന്നു. വിദ്യാർഥിനികൾ പുഴയിലിറങ്ങുന്നത് ശ്രദ്ധയിൽപെട്ട മീൻപിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടർ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങൾക്കകം ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അലറിവിളിച്ച ജസീന ബോധരഹിതയായി. വിദ്യാർഥിനികളിൽ ഒരാൾ മീൻപിടിക്കുന്നവരുടെ വലയിൽപെട്ടെങ്കിലും വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വലയിൽനിന്ന് വേർപെട്ടു പോവുകയായിരുന്നു.

പുഴയിൽ രണ്ട് ദിവസമായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.