കല്പറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി നിക്ഷേപകർ പരാതിയുമായി രംഗത്ത്. നിക്ഷേപം നടത്തിയതില്‍ രണ്ടുപേര്‍ കലക്ടര്‍ക്ക് പരാതി നല്കി. കര്‍ഷകനും റിട്ട. ഉദ്യോഗസ്ഥനുമാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിക്കാമെന്ന് കലക്ടർ പരാതിക്കാരെ അറിയിച്ചതായാണ് വിവരം.
ബ്രഹ്മഗിരി സൊസൈറ്റി നടത്തിപ്പുകാരായ കേരള ചിക്കന്റെ നൂറോളം വരുന്ന ഫാം കർഷകരുടെ സംഘടന തങ്ങളുടെ വിത്തുധനവും വാഗ്ദാനം ചെയ്ത വിഹിതവും തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നു. ചില സഹകരണ സ്ഥാപനങ്ങളും വായ്പ നൽകിയ കുടുംബശ്രീ യൂനിറ്റുകളും കലക്ടര്‍ക്ക് അടുത്തിടെ പരാതി നല്കി.
എന്നാൽ, നിക്ഷേപകരെല്ലാം സി.പി.എം അംഗങ്ങളോ അനുഭാവികളോ ആയതിനാൽ സൊസൈറ്റിക്കെതിരെ ആരും ഇതുവരെ പരാതി നൽകിയിരുന്നില്ല. ആദ്യമായാണ് നിക്ഷേപകർ സൊസൈറ്റിക്കെതിരെ പരാതിയുമായി രംഗത്തുവരുന്നത്.
2019ലാണ് പരാതിക്കാരായ വ്യക്തികള്‍ അഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിച്ചത്. 2022 ജൂണ്‍ മുതല്‍ പലിശ ലഭിക്കുന്നില്ലെന്നും നിക്ഷേപവും പലിശയും തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും പരാതിയിലുണ്ട്. 2023 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത് അയച്ച കത്തിന് മറുപടി കിട്ടിയില്ല. പലിശ സഹിതം ഏകദേശം ആറര ലക്ഷം രൂപ വീതം ഇവര്‍ക്ക് ലഭിക്കാനുണ്ട്.
ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ബ്രഹ്മഗിരിയുടെ പ്രധാന പ്രോജക്ടായ മലബാര്‍ മീറ്റ് ഫാക്ടറിയുടേതടക്കം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം നൽകിയിട്ട് മാസങ്ങളായി. നിക്ഷേകർക്ക് മാത്രം കോടിക്കണക്കിന് രൂപയാണ് സൊസൈറ്റി നൽകാനുള്ളത്.
സൊസൈറ്റിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സി.പി.എം സംസ്ഥാന സെക്രട്ടറിയും ധനമന്ത്രിയും അടക്കമുള്ളവർ മാസങ്ങൾക്ക് മുമ്പ് വയനാട്ടിലെത്തി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലവത്തായില്ല. 80 കോടി രൂപയോളം സൊസൈറ്റിക്ക് ഇപ്പോൾ ബാധ്യതയുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും നിക്ഷേപം നടത്തിയവരുടേതാണ്. കേരള ചിക്കൻ പ്രോജക്ടിൽ ലക്ഷങ്ങൾ മുടക്കി കോഴി ഫാം നടത്തിയവർ, കുടുംബശ്രീ, ബാങ്കുകൾ എന്നിവക്കും കോടികൾ നൽകാനുണ്ട്. നിക്ഷേപകരില്‍ 50 ഓളംപേര്‍ കഴിഞ്ഞമാസം യോഗം ചേര്‍ന്നിരുന്നു.
പരാതിയുമായി രംഗത്തുവരുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പലരും പൊലീസിനെ സമീപിക്കാത്തത്. മലബാര്‍ മീറ്റ്, വയനാട് കോഫി, ഫാര്‍മേഴ്സ് ട്രേഡ് മാര്‍ക്കറ്റ് എന്നിവ സൊസൈറ്റി നടപ്പാക്കിയ പ്രധാന പദ്ധതികളായിരുന്നു. കേരള ചിക്കന്‍ പ്രോജക്ടിന്റെ നോഡല്‍ എജന്‍സിയായിരുന്നു ബ്രഹ്മഗിരി സൊസൈറ്റി.
ചെയര്മാനായിക്കെ മുന്‍ എം.എല്‍.എയും കര്‍ഷകസംഘം അഖിലേന്ത്യാ നേതാവുമായ പി. കൃഷ്ണപ്രസാദ് സ്വന്തം ഭൂമി ഈടു നല്കി സൊസൈറ്റിക്കുവേണ്ടി എടുത്ത വായ്പ കുടിശ്ശികയായത് കാരണം കുടുംബവീട് ഉൾപ്പെടെ ജപ്തി ഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.