കൊച്ചി: ബ്രഹ്മപുരം മാലിന്യശാലയിലെ തീപിടിത്തം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. മാലിന്യം ബയോ മൈനിങ് ചെയ്യാൻ കോർപറേഷൻ അനുമതി നൽകിയതിൽ അഴിമതി ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കേസ് വന്നതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്.
മാലിന്യമലയിൽ ഏഴിടത്തുനിന്നാണ് തീപടർന്നത്. തീയണക്കാൻ അടിയന്തര നടപടി ഉണ്ടായതുമില്ല. ഇതെല്ലാം വിരൽചൂണ്ടുന്നത് തീപിടിത്തം ആസൂത്രിതമെന്നതിലേക്കാണ്. 2020 മാർച്ചിൽ കെ.എസ്.ഐ.ഡി.സിയാണ് ബ്രഹ്മപുരത്ത് മാലിന്യം ബയോ മൈനിങ് ചെയ്യാൻ ടെൻഡർ ക്ഷണിച്ചത്.
മാലിന്യം കിടക്കുന്ന 20 ഏക്കർ സർക്കാർ നേരത്തേ കെ.എസ്.ഐ.ഡി.സിക്ക് നൽകിയതിനാലാണ് സംസ്കരണത്തിന് അവർ ടെൻഡർ ക്ഷണിച്ചത്. 10 കോടിയുടെയെങ്കിലും മാലിന്യം സംസ്കരിച്ച് പരിചയമുള്ള കമ്പനിയെയാകണം തെരഞ്ഞെടുക്കേണ്ടത് എന്നതായിരുന്നു ടെൻഡർ നൽകുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥ.
സോൺട ഇൻഫ്രാടെക് എന്ന കമ്പനി നൽകിയ 54.90 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്. 2021 ജൂലൈയിലായിരുന്നു അത്. ടെൻഡർ ഉറപ്പിച്ചപ്പോഴേ അഴിമതി ആരോപണമുയർന്നിരുന്നു. സോൺട ഇൻഫ്രാടെക് ആദ്യം നൽകിയത് തിരുനെൽവേലി മുനിസിപ്പാലിറ്റിയിൽ 8.5 കോടിയുടെ മാലിന്യം സംസ്കരിച്ച് പരിചയമുണ്ടെന്ന മുനിസിപ്പൽ കമീഷണറുടെ സർട്ടിഫിക്കറ്റാണ്.
യോഗ്യതയുള്ള കമ്പനികൾ നൽകാത്തതിനാൽ ആദ്യ ടെൻഡർ റദ്ദാക്കി. മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ക്ഷണിച്ചു. അപ്പോൾ സോൺട ഇൻഫ്രാടെക് നൽകിയത് തിരുനെൽവേലിയിൽ 10.03 കോടിയുടെ മാലിന്യ സംസ്കരണ പരിചയ സർട്ടിഫിക്കറ്റാണ്. തിരുനൽവേലി മുനിസിപ്പൽ എൻജിനീയറാണ് ഇത് നൽകിയത്. രണ്ട് സർട്ടിഫിക്കറ്റും ബയോ മൈനിങ് പരിചയത്തിന്റേതായിരുന്നില്ല.
സയന്റിഫിക് ക്ലോഷ്വർ എന്ന സംസ്കരണ രീതിയുടേതായിരുന്നു. സർട്ടിഫിക്കറ്റിലെ തിരിമറിയും സംസ്കരണ രീതിയിലെ വ്യവസ്ഥാലംഘനവും കണ്ടില്ലെന്ന് നടിച്ചാണ് ടെൻഡർ സോൺട ഇൻഫ്രാടെക്കിന് നൽകിയതെന്നാണ് അന്ന് ആരോപണമുയർന്നത്. പ്രവൃത്തി തുടങ്ങി ഒമ്പതു മാസമായിരുന്നു കരാർ കാലാവധി.
കാലാവധി പൂർത്തിയായിട്ട് ഇപ്പോൾ നാലു മാസം കഴിഞ്ഞു. 30 ശതമാനംപോലും സംസ്കരിച്ചില്ല. ഇതിൽ അഴിമതിയുണ്ടെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പോകുമെന്നും നഗരസഭ മുൻ മേയർ ടോണി ചമ്മണി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. നാലുദിവസം കഴിഞ്ഞപ്പോഴാണ് തീപിടിത്തമുണ്ടായത്.
സംസ്കരണം നടക്കാത്തത് സംബന്ധിച്ച നിയമക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ തീയിട്ടു എന്നാണ് ആരോപണമുയരുന്നത്. ഒരേസമയം ഏഴുഭാഗത്തുനിന്നാണ് തീപടർന്നത്. തീ തനിയെ പടിച്ചതാണെങ്കിൽ ഒരിടത്തുനിന്ന് കത്തിപ്പടരുകയാണ് ചെയ്യുക.
70 ഏക്കർ പ്രദേശം ഒരേസമയം കത്തിനശിക്കാൻ ഇടയാക്കിയത് പലയിടത്തുനിന്ന് തീപടർന്നതിനാലാണ്. തീയണക്കാൻ കാര്യമായ ശ്രമമുണ്ടായില്ല. സംസ്കരിക്കാതെ കെട്ടിക്കിടക്കുന്നവ കത്തിത്തീരട്ടെ എന്നു കരുതി അധികൃതർ ഒത്താശ ചെയ്തുവെന്നാണ് ആരോപണം.
കൊച്ചി: മാലിന്യസംസ്കരണത്തിലെ പാളിച്ചക്ക് ഇടയാക്കിയതിന് പിന്നിൽ രാഷ്ട്രീയബന്ധമെന്ന ആരോപണവുമുയരുന്നു. സോൺട ഇൻഫ്രാടെക് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗം രാജ്കുമാർ സി.പി.എം നേതാവ് വൈക്കം വിശ്വന്റെ മരുമകനാണെന്ന് ടോണി ചമ്മണി ആരോപിക്കുന്നു. സോൺടക്ക് കരാർ നൽകാൻ കാരണമായത് ഈ ബന്ധമാണത്രേ.
ദൈനംദിന മാലിന്യസംസ്കരണത്തിന് കോർപറേഷൻ കരാർ നൽകിയ കമ്പനിയായ ടെക്നോ ഗ്രൂപ്പിനെതിരെയും രാഷ്ട്രീയബന്ധ ആരോപണമുണ്ട്. പ്രതിദിനം 250 ടൺ മാലിന്യം തുടർച്ചയായി മൂന്നുവർഷം സംസ്കരിച്ച് പരിചയമുള്ളവർക്കേ കരാർകൊടുക്കാവൂ എന്നാണ് വ്യവസ്ഥ.
2007ൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലും 2010ൽ മലപ്പുറം മുനിസിപ്പാലിറ്റിയിലും മാലിന്യം സംസ്കരിച്ച സർട്ടിഫിക്കറ്റാണ് കമ്പനി നൽകിയത്. രണ്ടിടത്തും അക്കാലങ്ങളിൽ പ്രതിദിനം 10 ടണ്ണിൽ കൂടുതൽ മാലിന്യം ഉണ്ടാകുമായിരുന്നില്ല. എന്നിട്ടും കമ്പനിയുടെ കരാർ കോർപറേഷൻ കൗൺസിൽ പാസാക്കി നൽകി.
ഈ കമ്പനിക്ക് കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിന്റെ ബന്ധുവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. അവരും മാലിന്യം സംസ്കരണം കാര്യമായി നടത്തുന്നില്ല. ലോറികളിൽ കൊണ്ടുവരുന്ന മാലിന്യം ബ്രഹ്മപുരത്ത് തള്ളി മടങ്ങുകയാണത്രേ ചെയ്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.