കോഴിക്കോട്: കോർപറേറ്റുകൾക്കുവേണ്ടി ചെറുകിട -ഇടത്തരം കച്ചവടക്കാരെ ഇല്ലാതാക്കുന്നതാണ് സർക്കാറിെൻറ ബജറ്റെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. മൂന്നു മണിക്കൂർ 18 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഒരിക്കൽപോലും വ്യാപാരികളെ പരാമർശിക്കുക കൂടി ചെയ്തില്ല. വ്യാപാര സമൂഹത്തിെൻറ മുഖത്തേറ്റ അടിയാണിതെന്നും നസിറുദ്ദീൻ ആരോപിച്ചു.
2018ലെയും 19ലെയും 20ലെയും ദുരിതങ്ങൾമൂലം കടകളടക്കേണ്ടിവന്ന വ്യാപാരി സമൂഹത്തിന് ശുഭസൂചകമായി ഒന്നും തന്നെ ബജറ്റിലില്ല. ലോക്ഡൗൺ കാലത്തെ നികുതിയിൽ ഇളവ് നൽകുക, കച്ചവടം പുനരാരംഭിക്കാൻ സഹായം നൽകുക തുടങ്ങിയ കാര്യങ്ങൾ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഒരു വർഷത്തേക്ക് മാത്രം പ്രഖ്യാപിച്ച പ്രളയ സെസ് രണ്ടു വർഷം കഴിഞ്ഞിട്ടും അവസാനിപ്പിച്ചിട്ടില്ല.
കോവിഡ് സമയത്ത് മാസങ്ങളോളം കടകൾ അടച്ചിടേണ്ടിവന്നിട്ടും ലൈസൻസ് ഫീസും മറ്റു പിഴത്തുകകളും ഇൗടാക്കിയിട്ടുണ്ട്. ബജറ്റിനുമുമ്പ് ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് അഞ്ചു നിവേദനങ്ങൾ സർക്കാറിന് നൽകിയിരുന്നെങ്കിലും അതൊന്നുപോലും പരിഗണിച്ചില്ലെന്നും നസിറുദ്ദീൻ പറഞ്ഞു.
മറുപടി പ്രസംഗത്തിൽ വ്യാപാരികൾക്കനുകുലമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നസിറുദ്ദീൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി സേതുമാധവൻ, വി. സുനിൽ കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.