ബസ്​-ഓട്ടോ-ടാക്സി: ഇന്നു മുതൽ പുതിയ നിരക്ക്​, യാത്രകൾ ചെലവേറും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്-ഓട്ടോ-ടാക്സി നിരക്കുകൾ നിലവിൽ വന്നു. ഓർഡിനറി ബസ് മിനിമം നിരക്ക് എട്ടിൽ നിന്ന് പത്ത് രൂപയായാണ് വർധിച്ചത്. ഓട്ടോ മിനിമം നിരക്ക് 25ൽ നിന്ന് 30 രൂപയായി. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററും. പുറെമ നാലുചക്ര ഓട്ടോ, ടാക്സി നിരക്കും വർധിച്ചു. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവിസുകളുടെ നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്.

യാത്രകൾ ചെലവേറും, ഫാസ്റ്റിലും സൂപ്പറിലും വർധന

തിരുവനന്തപുരം: ഓർഡിനറികളിൽ മാത്രമല്ല, മിനിമം ദൂരത്തിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ശരാശരി 10 പൈസ വീതം വർധിക്കുന്ന ഫാസ്റ്റ് പാസഞ്ചറിലും സൂപ്പർഫാസ്റ്റിലും യാത്രാനിരക്കിൽ വലിയ വർധന. ഇന്ന് പ്രാബല്യത്തിൽ വന്ന പുതിയ നിരക്കിലാണ് ഇടത്തരം യാത്രകൾക്കും ചെലവേറുന്നത്.

ഫാസ്റ്റ് പാസഞ്ചറുകളുടെ മിനിമം നിരക്ക് 14 രൂപയിൽ നിന്ന് 15 രൂപയായതിനൊപ്പം കിലോമീറ്റർ നിരക്ക് 95 പൈസയിൽ നിന്ന് 105 പൈസയായാണ് വർധിച്ചത്. സൂപ്പർ ഫാസ്റ്റുകളിലാകട്ടെ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 22 ആകും. കിലോമീറ്റർ നിരക്ക് 98 പൈസയിൽ നിന്ന് 108 പൈസയും. ഇതിനുപുറെമ സെസും കൂടിയാകുന്നതോടെ ടിക്കറ്റ് ചാർജിൽ പ്രകടമായ വ്യത്യാസമാണുള്ളത്. 25 രൂപ വരെയുള്ള ടിക്കറ്റുകൾ ഒരു രൂപയും 40 രൂപവരെ രണ്ട് രൂപയും 80 രൂപവരെ നാല് രൂപയും 100 രൂപക്ക് മുകളിൽ അഞ്ച് രൂപയുമാണ് സെസ്.

കോവിഡ് കാലത്തെ നിരക്കുവർധനയിലും ഫാസ്റ്റ് പാസഞ്ചറുകളുടെയും സൂപ്പർഫാസ്റ്റുകളുടെയും കിലോമീറ്റർ ചാർജ് വർധിപ്പിച്ചിരുന്നു. രണ്ട് വർഷത്തെ ചുരുങ്ങിയ ഇടവേളയിലാണ് വീണ്ടും നിരക്കുയർന്നത്. പ്രതിദിനയാത്രക്കാരാണ് കൂടുതലും ഫാസ്റ്റ്പാസഞ്ചറുകളെ ആശ്രയിക്കുന്നത്. രാത്രി എട്ടിന് ശേഷം ഫാസ്റ്റുകൾ ഭൂരിഭാഗവും ഓട്ടം നിർത്തുമെന്നതിനാൽ പിന്നീട് സൂപ്പർ ഫാസ്റ്റുകളാണ് ആശ്രയം. ഫലത്തിൽ ഓർഡിനറി സർവിസുകളെ പോലെ പ്രതിദിന യാത്രക്കാർക്കാണ് നിരക്കുവർധനയുടെ കനത്ത പ്രഹരം.

അതേസമയം പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റിന് കീഴിലുള്ള സൂപ്പർ എക്സ്പ്രസുകൾ മുതൽ മുകളിലേക്കുള്ള സർവിസുകളുടെ നിരക്കിൽ കാര്യമായി കൈവെച്ചിട്ടില്ലെന്നതും ശ്രദ്ധേയം. സാധാരണ ബസ് ചാർജ് വർധനയുടെ ഘട്ടങ്ങളിലൊക്കെ താരതമ്യേന ചെലവ് കുറഞ്ഞ യാത്രാമാർഗമെന്ന നിലയിൽ ട്രെയിനുകളിലേക്കുള്ള യാത്രക്കാരുടെ ചുവടുമാറ്റം ഉണ്ടാകാറുണ്ട്. എന്നാൽ കോവിഡിന്‍റെ പേരിൽ നിർത്തിവെച്ച പാസഞ്ചറുകൾ ഇനിയും റെയിൽവേ പുനഃസ്ഥാപിക്കാത്തതും തിരികെയെത്തിയവ തന്നെ എക്സ്പ്രസുകളായതും സാധാരണക്കാരന് ഇരുട്ടടിയായി.

മിനിമം ചാർജിലെ സഞ്ചാരദൂരം 2.5 കിലോമീറ്ററിൽ പരിമിതപ്പെടുത്തിയും ഫെയർ സ്റ്റേജ് അപാകതകൾ പരിഹരിക്കാതെയുമുള്ള വർധന ഓർഡിനറി യാത്രകളെയും ചെലവേറിയതാക്കിയിട്ടുണ്ട്. കോവിഡ് വർധന മാറ്റിനിർത്തിയാൽ 2018 ലാണ് അവസാനമായി ബസ് ചാർജ് കൂട്ടിയത്.

ഫാസ്റ്റുകളിൽ മിനിമം ചാർജിൽ അഞ്ച് കിലോമീറ്റർ

തിരുവനന്തപുരം: പുതുക്കിയ ബസ് നിരക്കനുസരിച്ച് അഞ്ച് കിലോമീറ്ററാണ് മിനിമം ചാർജിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം. സൂപ്പർ ഫാസ്റ്റുകളുടേത് 10 കിലോമീറ്ററും. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമി സ്ലീപ്പര്‍, സിംഗിള്‍ ആക്‌സില്‍ സര്‍വിസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വിസുകള്‍, ലോ ഫ്ലോര്‍ എ.സി എന്നിവയുടെ മിനിമം നിരക്ക് വർധിപ്പിച്ചിട്ടില്ല.

സൂപ്പർ എക്സ്പ്രസുകളിൽ മിനിമം നിരക്ക് മാറ്റാതെ തന്നെ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ 28 രൂപക്ക് 10 കിലോമീറ്ററാണ് എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ സഞ്ചരിക്കാവുന്നത്. ഇനിമുതൽ 28 രൂപക്ക് 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. സ്വകാര്യബസുടമകളുടെ പ്രധാന ആവശ്യമായിരുന്ന വിദ്യാർഥിനിരക്ക് പഠിക്കാൻ പ്രത്യേക കമീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി നോൺ എ.സി ജനുറം ബസുകളുടെ മിനിമം നിരക്ക് 13 രൂപയിൽ നിന്ന് 10 രൂപയായി കുറച്ചിട്ടുണ്ട്. 2.5 കിലോമീറ്ററാണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം. ജനുറം എ.സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിർത്തി. അതേസമയം കിലോമീറ്റർ നിരക്ക് 1.87 രൂപയിൽ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്. എ.സി ലോഫ്ലോറിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്.

Tags:    
News Summary - Bus-Auto-Taxi: New fare from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.