കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലും യു.ഡി.എഫിന് ജയം. വാണിമേലിലെ കോടിയൂറ, മടവൂരിലെ പുല്ലാളൂർ, മാവൂരിലെ പാറമ്മൽ, വില്യാപ്പള്ളിയിലെ ചല്ലിവയൽ വാർഡുകളിലായിരുന്നു ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. വില്യാപ്പള്ളിയിലെ ചല്ലിവയൽ വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയും മറ്റു മൂന്നുവാർഡുകളും നിലനിർത്തുകയുമായിരുന്നു.
മാവൂർ പാറമ്മൽ വാർഡിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായപ്പോൾ എൽ.ഡി.എഫിനെ കടത്തിവെട്ടി എസ്.ഡി.പി.ഐ രണ്ടാം സ്ഥാനം നേടി. ഇവിടെ ബി.ജെ.പിക്ക് രണ്ടക്കം തികക്കാനുമായില്ല.
മടവൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാളൂർ വാർഡിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് പ്രതിനിധി സിറാജ് ചെറുവലത്ത് 234 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 610 വോട്ടാണ് സിറാജ് നേടിയത്.
എൽ.ഡി.എഫിനായി മത്സരിച്ച എൻ.സി.പി.യിലെ ഒ.കെ. അബ്ബാസിന് 376 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി വാസുദേവൻ ഭട്ടതിരിപ്പാടിന് 34 വോട്ടും സ്വതന്ത്രരായ പി. അബ്ബാസ് നാലും അബ്ബാസ് എട്ടും വോട്ട് നേടി.
യു.ഡി.എഫ് പ്രതിനിധിയായിരുന്ന കെ. ജുറൈജിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
മാവൂർ ഗ്രാമപഞ്ചായത്തിലെ പാറമ്മൽ വാർഡിൽ യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി വളപ്പിൽ റസാക്ക് 271 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 573 വോട്ടാണ് ഇദ്ദേഹം നേടിയത്. 2020 ലെ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ എം.പി. അബ്ദുൽ കരീമിന് 590 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫ് ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായപ്പോൾ എൽ.ഡി.എഫിനെ കടത്തിവെട്ടി എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്തേക്ക് എത്തി. എസ്.ഡി.പി.ഐ പ്രതിനിധി പി.എം. മുനീർ 302 വോട്ടാണ് നേടിയത്.
എൽ.ഡി.എഫിനായി മത്സരിച്ച സി.പി.എമ്മിലെ മൻസൂർ അലി പാലശ്ശേരി 215 വോട്ട് നേടിയപ്പോൾ സ്വതന്ത്രൻ വി.കെ. റസാഖ് 23 വോട്ട് നേടി. ബി.ജെ.പിയിലെ രാധാകൃഷ്ണന് ഒമ്പത് വോട്ടാണ് ലഭിച്ചത്.
വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് ചല്ലിവയൽ വാർഡിൽ എൽ.ഡി.എഫിനെ അട്ടിമറിച്ച് യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി എൻ.ബി. പ്രകാശൻ എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി ജ്യോതി ബി.എസ്. പുത്തൂരിനെ 311 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 110 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്. എൻ.ബി. പ്രകാശൻ 926 ഉം ജ്യോതി ബി.എസ്. പുത്തൂർ 615 ഉം വോട്ടാണ് നേടിയത്.
ബി.ജെ.പി സ്ഥാനാർഥി എം.പി. സോമശേഖരന്‍ 78 വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് ഭരണസമിതിയിലെ പുതിയ കക്ഷിനില എൽ.ഡി.എ -10, യു.ഡി.എഫ് -9. സി.പി.എം പ്രതിനിധിയായിരുന്ന പി.പി. ചന്ദ്രൻ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്.
വാണിമേൽ ഗ്രാമ പഞ്ചായത്ത് കോടിയൂറ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ അനസ് നാങ്ങാണ്ടി 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 694 വോട്ടാണ് ഇദ്ദേഹം നേടിയത്. എൽ.ഡി.എഫിലെ സി.പി.എം പ്രതിനിധി ടി.കെ. സുകുമാരൻ 390 വോട്ടാണ് നേടിയത്. നേരത്തേ യു.ഡി.എഫിന്റെ ഭൂരിപക്ഷം 275 വോട്ടായിരുന്നു. നിലവിലെ മെംബർ ചേലക്കാടൻ കുഞ്ഞമ്മദിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.