പാലക്കാട്: നായരും വാര്യരുമൊന്നും ബി.ജെ.പിയുടെ തോൽവിയിൽ ബാധകമല്ലെന്ന് പാലക്കാട് നിയമസഭ മണ്ഡലം സ്ഥാനാർഥി സി.കൃഷ്ണകുമാർ. സന്ദീപ് പറഞ്ഞ ആരെങ്കിലും പാർട്ടി വിട്ടോ. സന്ദീപ് വാര്യർ ഒരു എഫക്ടും ഉണ്ടാക്കിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാർ പറഞ്ഞു. ബി.ജെ.പിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ വ്യക്തമാക്കി.
ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ഈ തോൽവി. ബി.ജെ.പിയുടെ അടിസ്ഥാന വോട്ട് പാർട്ടി നിലനിർത്തി. 40,000ത്തിന് അടുത്തുള്ള വോട്ട് പാർട്ടിക്ക് കിട്ടി. ഇ.ശ്രീധരന് അന്ന് വ്യക്തിപരമായ വോട്ട് കൂടി കിട്ടിയിരുന്നു. എന്തുകൊണ്ടാണ് വോട്ടിൽ കുറവ് വന്നതെന്ന് പരിശോധിക്കും. ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല. ശക്തമായി തിരിച്ച് വരും. തങ്ങളുടെ സിറ്റിങ് സീറ്റൊന്നുമല്ല നഷ്ടപ്പെട്ടത്. തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
വാശിയേറിയ ഉപതെരഞ്ഞെടുപ്പിൽ എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചിരുന്നു. 18,715 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റ് രാഹുൽ നിലനിർത്തിയത്. 2016ലെ തെരഞ്ഞെടുപ്പിൽ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് രാഹുൽ മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.