കോഴിക്കോട്: 'മാധ്യമം ആഴ്ചപ്പതിപ്പി'ന്റെ രജതജൂബിലി ആഘോഷവേളയിൽ ആശംസകൾ നേർന്ന് എഴുത്തുകാരനും മാധ്യമം ദിനപത്രം മുൻ എഡിറ്ററുമായ സി. രാധാകൃഷ്ണൻ. ഒരു കുഞ്ഞിന്‍റെ വളർച്ചയിൽ മിഡ് വൈഫിനുണ്ടാകുന്ന അത്രയും സന്തോഷമാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ വളർച്ചയിൽ തനിക്കെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു.
മാധ്യമം ആഴ്ചപ്പതിപ്പ് 25-ാം വയസിലേക്ക് പ്രവേശിച്ചിരിക്കുന്ന അവസരത്തിൽ മാധ്യമം ആഴ്ചപ്പതിപ്പിനും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എല്ലാ വായനക്കാർക്കും പൊതുവെയും നല്ലതു വരാൻ ഞാൻ ആഗ്രഹിക്കുന്നു. അറിവ് എല്ലാവർക്കുമായി പകർന്നുകൊടുക്കുക എന്നത് ഏറ്റവും വലിയ ഒരു ദൗത്യമാണ്.
വിശുദ്ധ ഖുർആനിലെ സൂറത്തിലെ 39:9 ആയത്ത് ഇങ്ങനെ പറയുന്നു: സർവശക്തനായ അല്ലാഹുവേ കാര്യങ്ങളുടെ ആത്യന്തികമായ നിജസ്ഥിതി എനിക്ക് അറിവാക്കിത്തരിക എന്നും. അറിവാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ശക്തിയും ധനവും എന്ന് നമുക്കറിയാം. അറിവില്ലായ്മയാണ് എല്ലാ ദുഃഖങ്ങളുടെയും അടിസ്ഥാന കാരണം എന്നും നമുക്കറിയാം. പത്രമാധ്യമങ്ങളും പുസ്തകങ്ങളും എല്ലാം ചെയ്യുന്നത് അറിവ് സാർവത്രികമായി പ്രചരിപ്പിക്കുകയാണ്. അത് കൃത്യമായ അറിവായിരിക്കുകയും നാടിന് നന്മ ചെയ്യാൻ കഴിയുന്ന അറിവായിരിക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാധ്യമങ്ങളിലൊക്കെ പ്രവർത്തിക്കുന്ന ആളുകളുടെ അടിസ്ഥാന ധർമം.
അതുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീറിനെ പോലെയുള്ള മഹാന്മാരായ എഴുത്തുകാർ ലോകത്തുള്ള എല്ലാവർക്കും സുഖമായിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നത്, അതിനുവേണ്ടി ജീവിതവൃത്തി ഉഴിഞ്ഞുവെച്ചത്. എല്ലാവരുമുണ്ടീ ലോകത്ത്. ഞങ്ങളെപ്പോലെയുള്ള ചെറിയ ചെറിയ ആളുകൾ തുടർന്ന് പ്രവർത്തിച്ചു വരുന്നതും ഈയൊരു കാര്യത്തിനുവേണ്ടിയാണ്. എത്രത്തോളം ഫലമുണ്ടായി എന്നു നമുക്ക് പറയാൻ പറ്റില്ല. പക്ഷേ, ആത്മാർഥമായി ശ്രമിച്ചു എന്ന് നമുക്ക് പറയാൻ പറ്റും. അതാണല്ലോ ദൈവ സാക്ഷ്യത്തിനു മുമ്പിൽ ഏറ്റവും വലിയ കാര്യം.
ഈയൊരവസരത്തിൽ ലോകത്തിലെ വെളിച്ചം, നന്മ, അറിവ് ഉണ്ടാക്കാൻ വേണ്ടി, പ്രവർത്തിക്കാൻ വേണ്ടി വിത്ത് കുത്തിയിടപ്പെട്ട ഈയൊരു പ്രസിദ്ധീകരണത്തിന്‍റെ ആദ്യകാലത്തെ ചുമതലക്കാരൻ എന്ന നിലയിൽ എനിക്കേറെ സന്തോഷമുണ്ട്. ഒരു കുഞ്ഞ് വലുതായി, നന്നായി, ഫലപ്രദമായി ജീവിച്ചു വലുതായി വളർന്നു കാണുമ്പോൾ ആ കുഞ്ഞിന്‍റെ പ്രസവത്തിൽ പങ്കെടുത്ത മിഡ് വൈഫിന് എന്തുമാത്രം സന്തോഷമുണ്ടോ അത്രയുമാണ് ഇപ്പോഴത്തെയും ഇന്നലെവരെയുമുള്ള മാധ്യമം ആഴ്ചപ്പതിപ്പ് കാണുമ്പോൾ എനിക്കുണ്ടാകുന്നത്. ഈ ചെറിയ ഭൂമിയിൽ ചെറിയതെന്നു ഞാനിപ്പോൾ പറയാൻ കാരണം ശാസ്ത്രം ഈ ഭൂമിയെ വളരെ ചെറുതാക്കിയിരിക്കുന്നു. വൻകരകൾ തമ്മിലുള്ള അന്തരം പോലുമില്ലാതായിരിക്കുന്നു. നാടുകൾ തമ്മിലുള്ള അന്തരത്തിന്‍റെ കാര്യം പറയാനുമില്ലല്ലോ. ഈ ചെറിയ ഭൂമിയിലെ എല്ലാ മനുഷ്യർക്കും സുഖമായും സന്തോഷമായും കഴിയാൻ സാധിക്കാതെ വന്നതിന്‍റെ ദുരിതം നമ്മളിപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കയാണ്.
ഭൂമിയിൽ ഒരു മനുഷ്യനും ഒരു മനുഷ്യനും തമ്മിലും പകയും വിദ്വേഷവും ഉണ്ടാവാൻ പാടില്ല എന്നു മാത്രമല്ല, എല്ലാ മനുഷ്യരും എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുന്ന ഒരവസ്ഥ ഉണ്ടാകണം എന്നുകൂടി ഈ എളിയ മനസ്സുകൊണ്ട് ഞാനാഗ്രഹിക്കുന്നു. ഞാനാണോ എന്‍റെ സഹോദരന്‍റെ ചോരയുടെ കാവൽക്കാരൻ എന്ന ചോദ്യത്തിന് ആണ് ആണ് ആണ് എന്ന് ലോകത്ത് എല്ലാ മനുഷ്യരും ഒരുപോലെ പറയുന്ന ഒരു കാലം സ്വപ്നം കണ്ടുകൊണ്ടാണ് ഈ 83 വയസ്സുവരെ ഞാൻ ജീവിച്ചത്.
ഇനിയുള്ള കുറച്ചുകാലം കൂടി ഇതേ സ്വപ്നത്തിന്‍റെ വെളിച്ചത്തിൽ മുന്നോട്ടു പോകാനും ഈ തുരങ്കത്തിന്‍റെ അറ്റത്ത് ആ വെളിച്ചമുണ്ട് എന്ന ഒരു വിശ്വാസം നിലനിർത്താനും പ്രചരിപ്പിക്കാനും അത് നമുക്ക് എത്തിപ്പെടാൻ കഴിയുന്ന ഒരു വെളിച്ചമാണ് എന്ന ധൈര്യം നാട്ടുകാർക്ക് പകരാനും മാധ്യമത്തിന്, ആഴ്ചപ്പതിപ്പിന് കഴിയുമാറാകട്ടെ എന്നാണ് എന്‍റെ എളിയ ആശംസ. അതിന് സർവശക്തനായ ദൈവം നമുക്ക് ശേഷി തരട്ടെ, അതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിത്തരട്ടെ എന്നു കൂടി എനിക്ക് പ്രാർഥിക്കാനുണ്ട്. ഈ പ്രാർഥന തീർച്ചയായും ഫലിക്കും എന്നാണ് എന്‍റെ ഉറച്ച വിശ്വാസം.
കാരണം, ഈ ഒരു പ്രസ്ഥാനത്തിന്‍റെ പിറകിൽ പ്രവർത്തിക്കുന്ന ആളുകളുടെ അന്യൂനമായ ആത്മാർഥത പണ്ടേ എനിക്ക് പരിചയമുള്ളതാണ്. ജാതി, മത വ്യത്യാസം കൂടാതെ ദേശ, വർഗ, ലിംഗ ഭേദംകൂടാതെ എല്ലാവരോടും ആത്മാർഥത പുലർത്താനുള്ള കഴിവ് ഒരു പുതിയ ആധുനിക ലോക സംസ്കാരത്തിന്‍റെ ഭാഗമായി ലഭിക്കാൻ എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും കഴിവുകളുമുപയോഗിച്ച് പ്രവർത്തിക്കാൻ സർവശക്തൻ സൗകര്യവും അവസരവും നൽകട്ടെ എന്നുകൂടി പ്രാർഥിച്ചു കൊള്ളുന്നു. എല്ലാവർക്കും എല്ലാവർക്കും നമസ്കാരം, നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.