തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, കരാർ ഒപ്പിട്ട കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ദുബൈ ടീകോമിനെ ഒഴിവാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ വീഴ്ചയും പദ്ധതി ഇഴയുന്നതും ഉൾപ്പെടെ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ തീരുമാനം.
2011 ഫെബ്രുവരിയിലാണ് സ്മാർട്ട് സിറ്റി പദ്ധതിക്കായി ദുബൈ ടീകോമുമായി കരാർ ഒപ്പുവെച്ചത്. തൊട്ടുമുമ്പത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കാലത്ത് തയാറാക്കിയ കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയായിരുന്നു ടീകോമുമായി കരാർ ഒപ്പിട്ടത്. ടീകോമിനെ പദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകൽപന ചെയ്യും.
ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കാൻ ഇൻഡിപെന്‍ഡന്റ് ഇവാല്വേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാറില്‍ സമര്‍പ്പിക്കാൻ ഐ.ടി മിഷന് ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ, ഒ.കെ.ഐ.എച്ച് (ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ്) എം.ഡി ഡോ. ബാജു ജോർജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും. പദ്ധതിയിലേക്ക് പുതിയ പങ്കാളിയെ നിർദേശിക്കാൻ ഇൻഫോ പാർക്ക് സി.ഇ.ഒയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.