തിരുവനന്തപുരം: കെ-ഫോണ്‍ കരാറില്‍ കണ്‍സോർട്യം വ്യവസ്ഥകള്‍ ലംഘിച്ച് പണം നല്‍കിയതിലൂടെ ഖജനാവിന് 36 കോടി രൂപയുടെ നഷ്ടമുണ്ടായതായി കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ സര്‍ക്കാറിനോട് സി.എ.ജി വിശദീകരണം തേടി. പദ്ധതിക്കുള്ള മൊബിലൈസേഷൻ ഫണ്ട് പലിശരഹിതമായി ബെല്‍ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) കണ്‍സോർട്യത്തിന് കൈമാറിയതാണ് നഷ്ടകാരണമെന്ന് സി.എ.ജി വിലയിരുത്തുന്നു.
1531 കോടി രൂപക്കാണ് കെ-ഫോൺ സേവനങ്ങൾക്കുള്ള ടെൻഡർ ബെൽ കൺസോർട്യത്തിന് നൽകിയത്. കരാർ തുകയിൽ, സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ 10 ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. അഡ്വാൻസ് തുക പലിശ ഒഴിവാക്കി ബെല്ലിന് കൈമാറണമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനോട് (കെ.എസ്.ഐ.ടി.ഐ.എൽ) മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നിർദേശം നൽകിയിരുന്നു. ഈ ഉറപ്പിലാണ് കെ.എസ്.ഐ.ടി.ഐ.എൽ പണം അനുവദിച്ചത്. ഇത്തരത്തിൽ വ്യവസ്ഥ പാലിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ 109 കോടി രൂപ അഡ്വാന്‍സ് നല്‍കിയത് നടപടിക്രമം പാലിക്കാതെയാണെന്നാണ് സി.എ.ജി വിലയിരുത്തൽ.
കെ.എസ്.ഇ.ബി ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദേശം മറികടന്നാണ് സര്‍ക്കാര്‍ കരാറുമായി മുന്നോട്ടുപോയത്. ബെല്ലിന് അഡ്വാൻസായി തുക കൈമാറുമ്പോൾ ചട്ടപ്രകാരമുള്ള പലിശ നിരക്കിനെക്കുറിച്ച് പറയുന്നില്ലെന്നും, പലിശ എസ്.ബി.ഐ നിരക്കിന്റെ മൂന്ന് ശതമാനം അധികമായി ഈടാക്കണമെന്നും കെ.എസ്.ഇ.ബി 2018ൽ നിർദേശിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെ 2019 മാർച്ച് ഒമ്പതിന് ബെല്ലുമായി സേവന കരാറിൽ ഒപ്പിട്ടു.
2019 മേയ് രണ്ടിന് അഡ്വാൻസായി ബെൽ 109 കോടി രൂപ ആവശ്യപ്പെടുകയും ആഗസ്റ്റിലും ഒക്ടോബറിലുമായി തുക കൈമാറുകയും ചെയ്തു. ബെല്ലുമായി ഉണ്ടാക്കിയ കരാറിൽ സർക്കാറിന് കിട്ടേണ്ട പലിശയെക്കുറിച്ചോ പലിശത്തുക ഈടാക്കുന്നതിനെക്കുറിച്ചോ പ്രതിപാദിച്ചിട്ടില്ല. 2013ലെ സ്റ്റോര്‍ പര്‍ചേസ് മാനുവല്‍ അനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെട്ടതാണ്. പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ ആരാണോ കരാര്‍ കൊടുത്തത് അവരുടെ ബോര്‍ഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ വ്യവസ്ഥ.
കെ-ഫോണിന്റെ ടെന്‍ഡറില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സിനെ കുറിച്ച് പറയുന്നില്ല. ഇക്കാര്യം സി.എ.ജി റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കെ.എസ്.ഐ.ടി.ഐ.എല്ലിന്‍റെ വിശദീകരണവും ഓഡിറ്റ് എക്സിറ്റ് മീറ്റിങ്ങിലെ നിലപാടും പരിഗണിച്ചശേഷമാവും അന്തിമ റിപ്പോർട്ടിലേക്ക് സി.എ.ജി കടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.