യു.ഡി.എഫ് കാലത്തെ നിലംനികത്തല്‍ ചട്ടം ലംഘിച്ച് –സി.എ.ജി

തിരുവനന്തപുരം: ഏറെ വിവാദമുയര്‍ത്തിയ മെത്രാന്‍കായല്‍, കടമക്കുടി അടക്കം യു.ഡി.എഫ് സര്‍ക്കാറിന്‍െറ നെല്‍വയല്‍നികത്തല്‍ അനുമതികള്‍ക്ക് കംട്രോളര്‍-ഓഡിറ്റര്‍ ജനറലിന്‍െറ വിമര്‍ശം. മുന്‍സര്‍ക്കാറിന്‍െറ അവസാനകാല തീരുമാനങ്ങളില്‍, ഏറ്റവുമധികം വിവാദമായ ഇവയില്‍ ചട്ടം ലംഘിച്ചുള്ള ഉത്തരവാണിറക്കിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ എതിര്‍പ്പിനത്തെുടര്‍ന്ന് ഇവ റദ്ദാക്കിയിരുന്നു. കോട്ടയം ഇടനാഴി പദ്ധതിക്കായി നഗരത്തിലെ നെല്‍വയല്‍ നികത്തുന്ന നിര്‍ദേശത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ഒപ്പിട്ടത് നിയമവ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ്. ഇവര്‍ ഒപ്പിട്ട ശേഷം, പിന്നീട് മന്ത്രിസഭയില്‍ നോട്ട് കൊണ്ടുവരുകയും മുഖ്യമന്ത്രി അംഗീകരിക്കുകയുമായിരുന്നു. കോട്ടയത്തെ നാട്ടകം മൊബിലിറ്റി ഹബ്ബിനായി വയല്‍നികത്താനുള്ള അനുമതിയും നിയമംപാലിക്കാതെയാണ് നല്‍കിയത്. ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സ്വകാര്യ കൃഷിഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിലും നിയമവ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. സി.എ.ജി റിപ്പോര്‍ട്ട് തിങ്കളാഴ്ച ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ചു.
മുന്‍ സര്‍ക്കാര്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലും വിമര്‍ശനമുണ്ട്. ലൈസന്‍സ് നല്‍കിയ 166ല്‍  74 എണ്ണത്തില്‍  ശുചിത്വം സാക്ഷ്യപ്പെടുത്തിയിരുന്നില്ല. ദേശീയപാതയോരങ്ങളില്‍ മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന കേന്ദ്രനിര്‍ദേശവും ലംഘിച്ചു. 2016 മാര്‍ച്ച് 31വരെയുള്ള  കണക്കനുസരിച്ച്  നാല് ബാറും 182 ബിയര്‍, വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നു. 2013-14 മുതല്‍ 2015-16 വരെ 10 പാര്‍ലറുകള്‍ക്ക് ദേശീയപാതയോരത്ത് ലൈസന്‍സ് നല്‍കി. 1.08 കോടിയുടെ നഷ്ടവുമുണ്ടായി. ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നതില്‍ സുതാര്യത ഇല്ല. എക്സൈസ് തീരുവ, ലൈസന്‍സ് ഫീസ്, പലിശ, പിഴ എന്നിവ ഈടാക്കാതിരുന്ന 70.74  കോടിയുടെ 30 കേസുകളാണ് കണ്ടത്തെിയത്. വേണ്ടത്ര സ്റ്റാമ്പ് നികുതി സ്വീകരിക്കാതെ ലൈസന്‍സ് നല്‍കി 4.24 കോടിയുടെ നഷ്ടം വന്നു.

Tags:    
News Summary - cag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.