ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ എ.രാജ സുപ്രിംകോടതിയിൽ ചൊവ്വാഴ്ച അപ്പീൽ നൽകിയേക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജക്ക് എം.എൽ.എ ആയി തുടരാനാകില്ലെങ്കിലും മേൽകോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.
പട്ടികജാതിക്കാരനാണെന്ന് കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ൽ മാവേലിക്കര ലോകസഭ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ ജയം ഹൈകോടതി റദ്ദാക്കിയിരുന്നു. പിന്നീട് നിയമപോരാട്ടത്തിലൂടെയാണ് കൊടിക്കുന്നിൽ സുരേഷ് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. അതേവഴിയേ നീങ്ങാനാകും എ.രാജയുടെയും സി.പി.എമ്മിന്റെയും നീക്കം. വിധി സ്വാഗതം ചെയ്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ പ്രകടനങ്ങൾ നടന്നു.
പട്ടിക ജാതി സംവരണത്തിന് നിലവിലെ എം.എൽ.എ എ. രാജക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഉത്തരവ്. എതിർ സ്ഥാനാർഥി ഡി. കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം.
ക്രൈസ്തവ സഭാംഗമായ ആന്റണിയുടേടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹരജിയിൽ പറഞ്ഞിരുന്നു. മാത്രമല്ല ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാൽ തന്നെ അങ്ങനെയുള്ളൊരാൾ പട്ടിക ജാതി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, എ. രാജ ക്രിസ്‌ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനും കേസിനെ സ്വാധീനിക്കാനും സി.എസ്.ഐ പള്ളി രജിസ്റ്ററുകളിൽ വ്യാപക തിരുത്തൽ വരുത്തിയെന്ന് ഹൈകോടതി കണ്ടെത്തിയിരുന്നു.
രാജ ക്രിസ്‌ത്യാനിയാണെന്ന എതിർസ്ഥാനാർഥി ഡി. കുമാറിന്‍റെ ആരോപണം പരിശോധിക്കാൻ ഇടുക്കി കുണ്ടള സി.എസ്.ഐ പള്ളിയിലെ ഫാമിലി രജിസ്റ്റർ, ശവസംസ്കാര രജിസ്റ്റർ തുടങ്ങിയ രേഖകൾ ഹാജരാക്കിയിരുന്നു. ഇതിൽ മാതാപിതാക്കളായ ആന്റണി, എസ്തർ എന്നിവരുടെ പേരുകൾ ചില അക്ഷരങ്ങൾ തിരുത്തി അൻപുമണി, എൽസി എന്നിങ്ങനെയാക്കിയത് കോടതി കണ്ടെത്തി.
മുത്തച്ഛൻ ലക്ഷ്മണന്‍റെ പേര് ആർ.എൽ. രമണൻ എന്നും മുത്തശ്ശി പുഷ്പയുടേത് പുഷ്പമണിയെന്നും തിരുത്തി. കോടതിയിൽ ഹാജരാക്കിയത് രാജയുടെ ഫാമിലി രജിസ്റ്ററല്ലെന്നു വരുത്താൻ കൃത്രിമം കാട്ടിയതാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സി.എസ്.ഐ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ രാജയെ സഹായിക്കുന്ന തിരുത്തലുകൾ വരുത്തിയതിന് പിന്നിലാരാണെന്ന് ഈ തെളിവുകൾ വിളിച്ചു പറയുന്നതായി കോടതി വ്യക്തമാക്കി. പിതാവിന്റെ പേര് ആന്റണിയെന്നാണെന്നും മാതാവിന്‍റെ പേര് എസ്തർ എന്നല്ല ഈശ്വരിയെന്നാണെന്നും രാജ പറയുന്നു. കുട്ടികളില്ലാതിരിക്കെ പള്ളിയിൽ പോയി പ്രാർഥന നടത്തി ഉണ്ടായ മകനെന്ന നിലയിലാണ് ആന്‍റണി എന്ന പേരിട്ടതെന്നും വിശദീകരിക്കുന്നു.
നിലവിളക്ക് കൊളുത്തിയും താലികെട്ടിയും ഹിന്ദു മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന് രാജ അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവില്ല. എന്നാൽ, ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങാണ് നടന്നതെന്ന് ഫോട്ടോകൾ വ്യക്തമാക്കുന്നുണ്ട്. വിവാഹസമയത്ത് ബൈബിൾ വായിച്ചോയെന്നും താലിമാല ആരാണ് എടുത്തുനൽകിയതെന്നും പൂജാരി ഉണ്ടായിരുന്നോയെന്നുമുള്ള ചോദ്യത്തിന് ഓർമയില്ലെന്നാണ് രാജയുടെ മറുപടി. വിവാഹസമയത്ത് രാജ ഓവർകോട്ടും ഭാര്യ ക്രിസ്ത്യൻ വിവാഹ രീതിയിലുള്ള വസ്ത്രവുമാണ് ധരിച്ചിരുന്നത്.
അമ്മ നെറ്റിയിൽ കുരിശുവരച്ചോയെന്ന ചോദ്യത്തിന് നെറ്റിയിൽ തൊട്ട് അനുഗ്രഹിച്ചെന്നായിരുന്നു മറുപടി. അവ്യക്തമായ മൊഴികൾ നൽകി വിവാഹ ചടങ്ങ് സംബന്ധിച്ച യാഥാർഥ്യം മറയ്ക്കാൻ വ്യക്തമായ ശ്രമം നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകി പട്ടികജാതിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രാജ മത്സരിച്ച് ജയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിന്‍റെ ഹരജി. ഹരജിയോടൊപ്പം സമർപ്പിച്ച രേഖകളാണ് തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുന്ന വിധിയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.