പത്തനാപുരം: ആംബുലൻസിൽ കഞ്ചാവ് കടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി അന്വേഷണസംഘത്തിന്റെ പിടിയിലായി. കോട്ടാത്തല പൂതക്കുഴി സൗമ്യഭവനിൽ സജീഷ് (30) ആണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവർക്ക് കഞ്ചാവ് എത്തിച്ച ഇടനിലക്കാരനാണ് സജീഷ്.
കൊട്ടാരക്കര മാർക്കറ്റ് ജങ്ഷനിൽ ഡോക്ടേഴ്സ് ലെയിനിൽ വാടകക്ക് താമസിക്കുന്ന ഇയാൾ ഓട്ടോയിൽ പച്ചക്കറിവ്യാപാരത്തിന്റെ മറവിലാണ് കഞ്ചാവ് കടത്തിയത്. പച്ചക്കറി വണ്ടിയും പൊലീസ് പിടിച്ചെടുത്തു. കറവൂർ പതിനാറാം ഫില്ലിങ്ങിൽ വിഷ്ണുവിലാസത്തിൽ ആംബുലൻസ് ഡ്രൈവർ വിഷ്ണു, സഹായി കഴുതുരുട്ടി പ്ലാമൂട്ടിൽവീട്ടിൽ നസീർ (28) എന്നിവരെ ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി പത്തനാപുരം പൊലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
ഇതോടെ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സജീഷിന്റെ അറസ്റ്റോടെ കിഴക്കൻ മേഖലയിലേക്ക് കഞ്ചാവ് എത്തിക്കുന്ന അന്തർസംസ്ഥാന ലഹരിമാഫിയയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊല്ലം റൂറൽ എസ്.പി സാബു മാത്യു, പുനലൂർ ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ എന്നിവരുടെ നിർദേശാനുസരണം പത്തനാപുരം ഇൻസ്പെക്ടർ സജിൻ ലൂയിസ്, എസ്.ഐ ശരലാല്‍, ഡാൻസാഫ് ടീമിലെ എസ്.ഐ ദീപു എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.