തൃശൂർ ചാവക്കാട് സ്വദേശിയായ ഒമ്പത് വയസുകാരൻ നാഫിഹ് ഏറെ പ്രതീക്ഷയോടെയാണ് തിരുവനന്തപുരം റീജിയനൽ കാൻസർ സെന്ററിലേക്ക് യാത്ര തിരിച്ചത്. തന്നെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കാൻസറിനെ പിടിച്ചുകെട്ടി പഴയ ജീവിതത്തിലേക്ക് തിരികെ പോരാം എന്നാണ് അവൻ കരുതിയിരുന്നത്.
ഒപ്പം മാതാപിതാക്കളും. ചാവക്കാട് സ്വദേശികളായ ഷമീറയുടെയും നിസാറിന്റെയും രണ്ട് മക്കളിൽ ഒരാളാണ് നാഫിഹ്. ലിവർ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് ചികിത്സാർഥം ആർ.സി.സിയിൽ എത്തിയത്. ചികിത്സയിലിരിക്കെ ഷമീറക്കും നിസാറിനും കോവിഡ് ബാധിച്ചു. മകന്റെ അവസാന നിമിഷങ്ങളിൽ അവനൊപ്പം നിൽക്കാൻ പോലും ആ രക്ഷിതാക്കൾക്കായില്ല.
ഒടുവിൽ മകന്റെ മരണവിവരം അറിഞ്ഞ് പി.പി.ഇ കിറ്റും മറ്റ് സുരക്ഷാ മുൻകരുതലുകളും എടുത്ത് ആംബുലൻസിൽ വെച്ചാണ് മകന്റെ മൃതദേഹം ആ രക്ഷിതാക്കൾ ഒരു നോക്ക് കണ്ടത്. പിന്നീട് വേറെ കാറിൽ ഇരുവരും നാട്ടിലേക്ക് യാത്ര തിരിച്ചു. പുന്നാര മകന്റെ മൃതദേഹം ആംബുലൻസിലും. ടീം വെൽഫയർ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ഷാജി അട്ടക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള സംഘം വേണ്ട സഹായസഹകരണങ്ങൾ ചെയ്തു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.