sminu

 സ്മിനു

കാർ ഷോറൂം മാനേജർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; തലക്ക്​ പിന്നിൽ ആഴത്തിൽ മുറിവ്, ചുണ്ടിനും പരിക്കുണ്ട്

വൈപ്പിൻ: കാർ ഷോറൂം മാനേജരെ സ്വന്തം വീടിന്‍റെ കാർപോർച്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പള്ളിപ്പുറം കോൺവെന്‍റ്​ ബീച്ച് പാലത്തിന്‍റെ പടിഞ്ഞാറുവശം മാവുങ്കൽ ആന്‍റണിയുടെ മകൻ സ്മിനുവാണ്​ (40) കൊല്ലപ്പെട്ടത്. തലക്ക്​ പിന്നിൽ അടിയേറ്റ വിധത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ചുണ്ടിനും പരിക്കുണ്ട്.

ധരിച്ചിരുന്ന സ്വർണമാലയും മോതിരവും മൊബൈൽ ഫോണും കാണാതായി. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. സ്മിനു വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഭാര്യ ഫെമി ഇരിങ്ങാലക്കുടയിൽ അധ്യാപികയാണ്. സ്മിനു പതിവായി വൈകി വീട്ടിൽ എത്തുന്നതിനാൽ അച്ഛനും രോഗിയായ അമ്മ ഫിലോയും സമീപത്തെ മൂത്ത മകന്‍റെ വീട്ടിലാണ് താമസം.

ശനിയാഴ്ച രാവിലെ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനാൽ സുഹൃത്ത് വീട്ടിൽ എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിന്​ എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. മുനമ്പം ഡിവൈ.എസ്.പി ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ഥലത്തെത്തിയ പൊലീസ് നായ മണം പിടിച്ച് ബീച്ച്​ റോഡിലൂടെ ഒരു കിലോമീറ്ററോളം ഓടി ഒരു റിസോർട്ടിനുസമീപം വന്നുനിന്നു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം സംശയമുള്ള ചിലരെ ചോദ്യം ചെയ്തുവരുകയാണ്.

Tags:    
News Summary - Car showroom manager found murdered at home in Vypin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.