കാസർകോട്: കടകളിൽ വിൽപനക്കെത്തിക്കാൻ മാരക രാസവസ്തുവായ കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച 1600 കിലോഗ്രാം മാമ്പഴം നെല്ലിക്കട്ട പൈക്കയിലെ വ്യാപാരിയുടെ വീട്ടിൽനിന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പൈക്കയിലെ ജുനൈദിെൻറ വീട്ടിൽനിന്നാണ് കൃത്രിമമായി പഴുപ്പിച്ച വിഷമാമ്പഴം പിടിച്ചെടുത്തത്. ഇതിന് 1.50 ലക്ഷം രൂപയോളം വിലവരും. കാസർകോട് മുതൽ മംഗളൂരുവരെയുള്ള പഴക്കടകളിലേക്ക് മാമ്പഴം എത്തിക്കുന്ന മൊത്തവിതരണക്കാരനാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജുനൈദിെൻറ വീട്ടിലെ മുറിയിൽ 92 ഫൈബർ പെട്ടികളിലായാണ് മാമ്പഴം സൂക്ഷിച്ചിരുന്നത്. ഒാരോ പെട്ടിയിലും കാത്സ്യം കാർബൈഡ് പൊതികൾ സൂക്ഷിച്ചിരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല അസി. കമീഷണർ കെ.എസ്. ജനാർദനെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാങ്ങയുടെ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലെ റീജനൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു. ശേഷിച്ചത് നശിപ്പിച്ചു. 40 ദിവസത്തിനകം പരിശോധന റിപ്പോർട്ട് ലഭിക്കും. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ ഒാഫിസർ വി.കെ. പ്രദീപ് കുമാർ പറഞ്ഞു.
രാസവസ്തുക്കൾ ഉപയോഗിച്ച് പഴവർഗങ്ങൾ പഴുപ്പിച്ചുവിൽക്കുന്നത് ആറുമാസം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മാങ്ങനിറച്ച പെട്ടികളിൽ കാത്സ്യം കാർബൈഡ് കടലാസുപൊതികളിലാക്കി വെച്ചശേഷം മുറിയടച്ചാൽ കാർബൈഡിൽനിന്നുണ്ടാകുന്ന അസറ്റിലിന്‍ വാതകത്തിെൻറ ചൂടിൽ മണിക്കൂറുകൾക്കകം മാങ്ങകൾ ഒരേസമയം പൂർണമായി പഴുക്കുകയും ആകർഷകമായ നിറം ലഭിക്കുകയും ചെയ്യും. ഇരുമ്പ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന കാത്സ്യം കാർബൈഡ് നിസ്സാര വിലയ്ക്ക് ലഭിക്കും. ചെങ്കള പഞ്ചായത്തിനെ ഭക്ഷ്യസുരക്ഷ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കിടെ ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ ഉേദ്യാഗസ്ഥർ പൈക്കയിലെ വീട്ടിൽ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.