കാസർകോട്: മല്ലം ക്ഷേത്രത്തിൽ ദലിത് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും അടിച്ചോടിക്കുകയും ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നു. വിദ്യാനഗർ നെലക്കളയിലെ അനിൽകുമാർ എന്ന യുവാവിനെയാണ് മല്ലം ദുർഗാപരമേശ്വരി ക്ഷേത്രത്തിനകത്ത് കെട്ടിയിട്ട് മർദിക്കുകയും അഴിച്ചുവിട്ടശേഷം നടന്നുപോകുന്നതിനിടെ പിറകേചെന്ന് ആൾക്കൂട്ടം മർദിക്കുകയും ചെയ്തത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യം തെളിവായി ഹാജരാക്കിയിട്ടും പട്ടിക ജാതി/വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നില്ല.
ആഗസ്റ്റ് 24ന് നടന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടും അടിപിടിക്കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ ഒന്നുമുണ്ടായില്ല. ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി, എസ്.ടി ഓർഗനൈസേഷൻ, സംഭവത്തിൽ എസ്.സി, എസ്.ടി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നടപടിയുണ്ടായില്ല. സെപ്റ്റംബർ 12ന് സ്പെഷൽ മൊെബെൽ സ്ക്വാഡ് ഡിവൈ.എസ്.പി വിളിച്ച ചർച്ചയിൽ ഹാർഡ് ഡിസ്ക് പരിശോധിച്ച് ആളുകളെ തിരിച്ചറിഞ്ഞശേഷം കേസെടുക്കാമെന്നാണ് അറിയിച്ചത്.
പരാതിയിൽ അന്വേഷണം നടത്തേണ്ടത് സ്പെഷൽ മൊെബെൽ സ്ക്വാഡ് ഡിവൈ.എസ്.പി ആയിരിക്കെ കേസ് ബേക്കൽ ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു. അനിൽകുമാറിനെ മർദിച്ച മൂന്നുപേരെ പരാതിയിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. പത്തുപേർ ദൃശ്യങ്ങളിലുണ്ട്. എല്ലാവരും കേന്ദ്ര ഭരണകക്ഷിയംഗങ്ങളാണ്. വകുപ്പുചേർക്കാതിരിക്കാൻ ഇടപെട്ടത് സംസ്ഥാന ഭരണ കക്ഷിയിൽ പെട്ടവരാണെന്നും കോൺഫെഡറേഷൻ ആരോപിക്കുന്നു. അതിനിടയിൽ മർദനമേറ്റ അനിൽകുമാറിനെ മാനസിക വെല്ലുവിളി നേരിടുന്നവരെ ശുശ്രൂക്ഷിക്കുന്ന മഞ്ചേശ്വരത്തെ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്ഥാപനത്തിൽ ചെന്ന പൊലീസ് പരാതിയില്ലെന്ന മൊഴി അനിൽകുമാറിൽനിന്ന് വാങ്ങിയതായും ബന്ധുക്കളും പരാതിയില്ലെന്ന് ആദൂർ പൊലീസിൽ സത്യവാങ്മൂലം നൽകിയതായും പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.