തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദധാരികളുടെ വേതനകാര്യത്തിൽ ജാതിവിവേചനം പ്രതിഫലിക്കുന്നെന്ന് പഠനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ ജേണലായ ‘കേരള ഇക്കോണമി’യിൽ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിലാണ് ഗൗരവമേറിയ കണ്ടെത്തൽ. ജനറൽ വിഭാഗങ്ങളിലുള്ളവർ പ്രതിവർഷം ശരാശരി 1,27,291 രൂപ വരുമാനം സ്വന്തമാക്കുമ്പോൾ ഇതേ വിദ്യാഭ്യാസ യോഗ്യതയുള്ള എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് ലഭിക്കുന്നത് 1,00,158 രൂപ മാത്രമാണ്. സർക്കാർ ഇതര മേഖലകളിലെ വിവിധ തൊഴിൽ വിഭാഗങ്ങളുടെ ശരാശരി വരുമാനത്തിന്റെ കണക്കാണിത്.
പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് പദ്ധതികളും പരിശീലനങ്ങളുമടക്കം സജീവമാണെങ്കിലും വേതന കാര്യത്തിൽ ജാതി മുഖ്യഘടകമായി പ്രവർത്തിക്കുന്നുവെന്നാണ് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 25-40 പ്രായത്തിലുള്ള ബിരുദധാരികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് മലയാളം സർവകലാശാലയിലെ അസോ. പ്രഫസർ എം.ജി. മല്ലികയും ഗവേഷക വിദ്യാർഥി കെ. സുമിതയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. 2011ലെ ഐ.എച്ച്.ഡി.എസ് ഡേറ്റയും 2021 ൽ നടത്തിയ പ്രൈമറി സർവേയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് റിപ്പോർട്ട്.
ഒരേ വിദ്യാഭ്യാസം ലഭിച്ച ആളുകൾക്ക് ഒരേ തരം വേതനം ലഭിക്കുമെന്നാണ് പൊതുവിൽ കരുതുന്നതെങ്കിലും അത് അങ്ങനെ അല്ലെന്നാണ് പഠനം കണ്ടെത്തുന്നതെന്നും ശരാശരി വേതനത്തിൽ ജാതി വ്യത്യാസം പ്രകടമാണെന്നും എം.ജി. മല്ലിക ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ആനുകൂല്യങ്ങളും പരിഗണനകളുമുള്ളതിനാൽ പിന്നാക്ക വിഭാഗങ്ങൾക്ക് ജോലി സാധ്യത ഏറെയാണെന്ന പൊതുധാരണ ഊഹോപോഹം മാത്രമാണ്. യോഗ്യതയുണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങൾക്ക് കാര്യമായ വേതനമുള്ള പ്രധാനപ്പെട്ട ജോലികളൊന്നും കിട്ടുന്നില്ല. അല്ലെങ്കിൽ വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം കിട്ടുന്ന ജോലി എത്ര ചെറുതാണെങ്കിലും അതിനു പോകാൻ അവർ നിർബന്ധിതമാകുന്നുണ്ടാകും.
ജനറൽ വിഭാഗത്തിലുള്ളവർക്ക് താരതമ്യേന സാമ്പത്തിക നില മെച്ചമായതിനാൽ ഉപരിപഠനത്തിനുള്ള അനുകൂല സാഹചര്യവും ലഭിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് അതിനു സാധിക്കുന്നുണ്ടാവില്ലെന്നും മല്ലിക കൂട്ടിച്ചേർക്കുന്നു. ബിരുദധാരികളായ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ജോലിയിലും വേതനത്തിലും വലിയ അന്തരം നിലനിൽക്കുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ബിരുദധാരികളായ 87.6 ശതമാനം പുരുഷന്മാർ തൊഴിൽ ചെയ്യുമ്പോൾ ജോലിയുള്ള സ്ത്രീകൾ 34.8 ശതമാനം മാത്രമാണ്.
പുരുഷന്മാർ പ്രതിവർഷം 1,41,875 രൂപ വേതനമായി സ്വന്തമാക്കുമ്പോൾ സ്ത്രീകളിൽ ഇത് 97,671 രൂപയാണ്. ആകെ ബിരുദധാരികളിൽ 57.2 ശതമാനം പേർക്ക് മാത്രമാണ് ജോലിയുള്ളത്. ബിരുദം നേടിയ വനിതകളിൽ 56.1 ശതമാനം പേർ വീട്ടുജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസമുള്ളവരുടെ മക്കൾ വിദ്യാസസമ്പരല്ലാത്തവരുടെ മക്കളെക്കാൾ കൂടുതൽ വരുമാനദായകമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നെന്നതാണ് മറ്റൊരു കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.