തൃശൂര്‍: കേരളത്തിലെ പഴയ തലമുറ സ്വകാര്യ ബാങ്കുകളില്‍ ഒന്നായ, തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്‍െറ നിയന്ത്രണം വിദേശ കരങ്ങളിലേക്ക്. കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് ബാങ്കിന്‍െറ 51 ശതമാനം ഓഹരി വാങ്ങാന്‍ റിസര്‍വ് ബാങ്കിന്‍െറ അനുമതി തേടി.
അംഗീകാരം ലഭിച്ചാല്‍ വിദേശ നിക്ഷേപകരുടെ നിയന്ത്രണത്തിലേക്ക് പോകുന്ന ആദ്യ പഴയ തലമുറ സ്വകാര്യ ബാങ്കാകും കാത്തലിക് സിറിയന്‍ ബാങ്ക്.
ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ബാങ്ക് വൃത്തങ്ങള്‍ തയാറായില്ല. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം പക്ഷേ, ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. ബോര്‍ഡ് യോഗം പലപ്പോഴും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടക്കുന്നതിനാല്‍ പലര്‍ക്കും ഇക്കാര്യത്തില്‍ വ്യക്തതയില്ല.
ടൊറന്‍േറാ ആസ്ഥാനമായ പ്രേം വാട്സ കഴിഞ്ഞ വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ സന്ദര്‍ശിച്ചാണ് ഓഹരി വാങ്ങാന്‍ അനുമതി തേടിയത്.
ഫെയര്‍ഫാക്സ് ഹോള്‍ഡിങ് കോര്‍പറേഷന്‍െറ ബോര്‍ഡ് മെംബര്‍മാരില്‍ ഒരാളായ എച്ച്.ഡി.എഫ്.സി ബാങ്ക് ചെയര്‍മാന്‍ ദീപക് പരേഖിനൊപ്പമാണ് വാട്സ ആര്‍.ബി.ഐ ഗവര്‍ണറെയും ഡെപ്യൂട്ടി ഗവര്‍ണര്‍മാരെയും കണ്ടത്.
ഫെയര്‍ഫാക്സിന് നിലവില്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ 15 ശതമാനം വോട്ടിങ് അധികാരമുണ്ട്. ഇന്ത്യയില്‍ വിമാനത്താവളം, ഗതാഗത സംവിധാനം തുടങ്ങിയവയില്‍ ഫെയര്‍ഫാക്സിന് നിക്ഷേപമുണ്ട്.
96 വര്‍ഷത്തെ പാരമ്പര്യമുള്ള കാത്തലിക് സിറിയന്‍ ബാങ്ക് തൃശൂര്‍ അതിരൂപതയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ വൈകാരിക സ്പര്‍ശമുള്ള സ്ഥാപനമാണ്. മുമ്പ് ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുജറാത്തി ബിസിനസുകാരന്‍ സോം ചായ് ചൗള ബാങ്ക് കൈയടക്കാന്‍ ശ്രമം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.