തൃശൂർ: തൃശൂർ ആസ്ഥാനമായ പഴയ തലമുറ സ്വകാര്യ ബാങ്കുകളിൽ ഒന്നായ കാത്തലിക് സിറിയൻ ബാങ്കിന് (സി.എസ്.ബി) ബുധനാഴ്ച ചരിത്രത്തിലെ നിർണായക ദിവസം. ബാങ്കിെൻറ 8.63 കോടി പുതിയ ഒാഹരി കനേഡിയൻ സ്ഥാപനമായ ഫെയർ ഫാക്സിന് വിൽക്കാനും നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം നിലവിലുള്ള 49 ശതമാനത്തിൽനിന്ന് 74 ശതമാനമായി ഉയർത്താനും നാളെ ചേരുന്ന അസാധാരണ ജനറൽ ബോഡി അംഗീകാരം നൽകും. ഫെയർ ഫാക്സിെൻറ ഉപസ്ഥാപനം എഫ്.െഎ.എച്ച് മൗറീഷ്യസ് ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡ് ആണ് ഒാഹരികൾ വാങ്ങുന്നത്. നിലവിൽ ബാങ്കിങ് രംഗത്തില്ലാത്ത സ്ഥാപനമാണിത്. ഇതോടെ സി.എസ്.ബിയിൽ മൊത്തം വിദേശ പങ്കാളിത്തം 63 ശതമാനമാകും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന െഎ.എൻ.ജി വൈശ്യ ബാങ്കിൽ നെതർലൻഡ്സിലെ െഎ.എൻ.ജി ഗ്രൂപ്പ് വലിയ ഒാഹരി ഉടമയാവുകയും െഎ.എൻ.ജി വൈശ്യ പിന്നീട് കൊട്ടക് മഹീന്ദ്രയിൽ ലയിപ്പിക്കുകയും ചെയ്തതിന് സമാന നീക്കങ്ങളാണ് സി.എസ്.ബിയിൽ സംഭവിക്കുന്നത്.
പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സ് പുതിയ ഒാഹരികൾ വാങ്ങുന്നതോടെ ഒരു ഇന്ത്യൻ ബാങ്കിൽ പകുതിയിലധികം ഒാഹരി പങ്കാളിത്തമുള്ള ഏക സ്ഥാപനമാവും. ഇതോടൊപ്പമാണ് നേരിട്ടുള്ള വിദേശ നിക്ഷേപ ശതമാനം റിസർവ് ബാങ്ക് അനുവദിച്ച 74 ശതമാനത്തിലേക്ക് ഉയർത്തുന്നത്. രണ്ട് അജണ്ടക്കും ഒറ്റ ജനറൽ ബോഡിയിൽ അംഗീകാരം ലഭിക്കുന്നതോടെ കേരളത്തിന് നഷ്ടപ്പെടുന്ന പഴയ തലമുറ ബാങ്കുകളുടെ കൂട്ടത്തിലേക്ക് സി.എസ്.ബിയും എത്തും.
ഇതിന് മുമ്പും ഫെയർ ഫാക്സ് സി.എസ്.ബിയുടെ ഒാഹരി വാങ്ങാൻ ശ്രമിച്ചിരുന്നു. അന്ന് ഒാഹരി മൂല്യം 180 രൂപയാണ് നിശ്ചയിച്ചത്. അത് പിന്നീട് 160 രൂപയായി കുറച്ചു. എന്നിട്ടും ഫെയർ ഫാക്സ് പിന്മാറി. ഇപ്പോൾ 140 രൂപക്കാണ് കൈമാറ്റം. സി.എസ്.ബിയിലെ കലുഷിതമായ തൊഴിലന്തരീക്ഷവും മറ്റും ചൂണ്ടിക്കാട്ടി െഫയർ ഫാക്സ് അവസാന നിമിഷത്തിലും വില പേശുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഭൂമിയുൾപ്പെടെ വൻ ആസ്തിയുള്ള സി.എസ്.ബിയെ പരമാവധി കുറഞ്ഞ മുതൽ മുടക്കിൽ കൈപ്പിടിയിലാക്കാനുള്ള തന്ത്രങ്ങളാണ് ഫെയർ ഫാക്സ് പയറ്റുന്നത്.
97 വർഷം പ്രായമുള്ള ബാങ്ക് 94 വർഷവും ലാഭത്തിലായിരുന്നു. 2015ൽ 53 കോടി രൂപയും 2016ൽ 149 കോടിയും നഷ്ടം കാണിച്ചു. 2017 ഡിസംബറിൽ അവസാനിച്ച ആദ്യ ഒമ്പതു മാസത്തെ കണക്കെടുപ്പിൽ 59.65 കോടി രൂപ നഷ്ടത്തിലാണ്. മലയാളികളായ എം.എ. യൂസഫലി, സി.കെ. ഗോപിനാഥൻ എന്നിവർക്ക് സി.എസ്.ബിയിൽ ഒാഹരി പങ്കാളിത്തമുണ്ട്. കേരളത്തിലെതന്നെ ബിസിനസുകാരിൽനിന്ന് മൂലധനം സ്വരൂപിക്കണമെന്ന ജീവനക്കാരുടെ സംഘടനകളുടെ രേഖാമൂലമുള്ള ആവശ്യം തള്ളിയാണ് സി.എസ്.ബി വിദേശ പങ്കാളിക്ക് വേണ്ടി നിരന്തരം അേന്വഷിച്ചത്. മൗറീഷ്യസ് ഇൻവെസ്റ്റ്മെൻറസിന് വേണ്ടി മുംബൈയിലെ ഒാഫിസാണ് ഒാഹരി ഇടപാടിെൻറ നീക്കങ്ങൾ നടത്തുന്നത്.
ബാങ്ക് നിയന്ത്രണത്തിലാവുന്നതോടെ ആസ്ഥാനം മാറ്റാനും മറ്റൊരു ബാങ്കിെൻറ ഭാഗമാവാനുമുള്ള ഭാവിയാണ് സി.എസ്.ബിയെ കാത്തിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ബാേങ്കാക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന വ്യവസായി സോംചായ് ചാവ്ല സി.എസ്.ബി വാങ്ങാൻ ശ്രമിച്ചിരുന്നു. അന്ന് തൃശൂർ അതിരൂപതയും െപാതുജന സമൂഹവും ഒന്നിച്ചിറങ്ങിയാണ് ആ കൈമാറ്റം തടഞ്ഞത്. പിന്നീട് ഫെഡറൽ ബാങ്കിെൻറ ഭാഗമാക്കാൻ നടന്ന നീക്കവും എതിർപ്പിനെ തുടർന്ന് വിഫലമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.