പ്ലാസ്റ്റിക് കവറിട്ട് തിളപ്പിച്ച എണ്ണ റോഡരികിൽ ഒഴിച്ചുകളഞ്ഞനിലയിൽ
കൊല്ലം: റോഡരികിലെ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ ചെറുകടികൾ ഉണ്ടാക്കാനുള്ള എണ്ണയിൽ പ്ലാസ്റ്റിക് കവറിട്ട് തിളപ്പിക്കുന്നത് പിടികൂടി. റെയിൽവേ സ്റ്റേഷന് സമീപം പട്ടാളത്തുപള്ളിക്കടുത്ത് പ്രവർത്തിക്കുന്ന ബോർഡില്ലാത്ത കടയിൽ ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് കൊല്ലം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെ ഉഴുന്നുവട, പഴംപൊരിയുൾപ്പെടെ ചെറുകടികൾ വറുത്തെടുക്കാനായി ഉപയോഗിച്ചിരുന്നത് റീഫൈൻഡ് പാം ഓയിലാണ്.
തിളച്ച എണ്ണയിൽ എണ്ണയുടെ കവർ കൂടിയിട്ട് തിളപ്പിച്ചായിരുന്നു പലഹാരങ്ങളുണ്ടാക്കിയിരുന്നത്. കടയിലെ ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളി എണ്ണയിലേക്ക് പ്ലാസ്റ്റിക് കവർ കൂടി ഇടുന്നത് കമീഷണർ ഓഫിസിലെ ജീവനക്കാരനായ ജ്യോതിഷ് കുമാറാണ് ആദ്യം കാണുന്നത്. ജ്യോതിഷ് ഉടനടി കൊല്ലം ഈസ്റ്റ് പൊലീസിലും കോർപറേഷൻ ആരോഗ്യവിഭാഗത്തിലടക്കം വിവരം അറിയിക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ, കടയിലുണ്ടായിരുന്നവർ എണ്ണയുടെ ഭൂരിഭാഗവും കടയുടെ മുന്നിലുള്ള റോഡ് സൈഡിലേക്ക് മറിച്ചുകളഞ്ഞു. സ്ഥലത്തെത്തിയ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മുമ്പ് ഉരുക്കിയതിന്റെ ബാക്കി പ്ലാസ്റ്റിക് കവറുകളും എണ്ണയും പരിസരത്തുനിന്ന് കണ്ടെത്തി.
രണ്ടാഴ്ച മുമ്പാണ് കട പ്രവർത്തനം ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ഉൾപ്പെടെയായിരുന്നു കടയിൽനിന്ന് പലഹാരങ്ങൾ വാങ്ങിയിരുന്നത്. കടക്ക് ലൈസന്‍സ് അടക്കം ആവശ്യമായ രേഖകളോ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു കട പ്രവർത്തിച്ചിരുന്നത്. പരിശോധനക്ക് പിന്നാലെ, അധികൃതർ പിഴചുമത്തുകയും കട പൂട്ടുകയും ചെയ്തു.
ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കോർപറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. രാജീവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.