മലപ്പുറം: താനൂർ കസ്റ്റഡി മരണക്കേസിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. മരിച്ച താമിർ ജിഫ്രിയുടെ സഹോദരന്‍റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി കുമാർ റോണകിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡി കൊലപാതക കേസ് അന്വേഷിക്കുന്നത്. തിരൂർ റെസ്റ്റ് ഹൗസിലാണ് അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്നത്. താമിർ ജിഫ്രിക്കെപ്പം പൊലീസ് അറസ്റ്റ് ചെയ്ത 11 പേരുടെ മൊഴിയും അടുത്ത ദിവസങ്ങളിലായി സി.ബി.ഐ രേഖപ്പെടുത്തും.
ഹൈകോടതി ഉത്തരവിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ക്രൈംബ്രാഞ്ചിൽനിന്ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ സംഘത്തിന് അന്വേഷണത്തിനും താമസത്തിനും യാത്രക്കുമുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് ഹൈകോടതി കേരള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് ചേളാരിയിൽനിന്ന് ജൂലൈ 31ന് രാത്രിയാണ് താമിർ ഉൾപ്പെട്ട സംഘത്തെ താനൂർ പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടികൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആഗസ്റ്റ് ഒന്നിന് രാവിലെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്നുമാണ് കേസ്.
താമിറിന്റെ മരണത്തിന് മർദനം കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവ പരിശോധനയിലും വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. ഹൈകോടതി ഇടപെടലിനു പിന്നാലെ പൊലീസിന്റെ ഡാൻസാഫ് സംഘത്തിലെ നാല് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് പ്രതിപ്പട്ടിക സമർപ്പിച്ചിരുന്നു. ഇവരെ ഇതുവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടില്ല.
അതിനിടെ, പ്രതികളായ ഡാൻസാഫ് ഉദ്യോഗസ്ഥർ മഞ്ചേരി ജില്ല കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. സി.ബി.ഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയേയോ ഹൈകോടതിയെയോ ആണ് സമീപിക്കേണ്ടത്. അതുകൊണ്ടാണ് ഹരജി പിൻവലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.