എമ്പുരാനിൽ സെൻസർ ബോർഡ് നിർദേശിച്ചത് രണ്ടു കട്ടുകൾ മാത്രം; വിവാദങ്ങൾക്കിടെ സെൻസർ രേഖകൾ പുറത്ത്

എമ്പുരാനിൽ സെൻസർ ബോർഡ് നിർദേശിച്ചത് രണ്ടു കട്ടുകൾ മാത്രം; വിവാദങ്ങൾക്കിടെ സെൻസർ രേഖകൾ പുറത്ത്

തിരുവനന്തപുരം: എമ്പുരാൻ സിനിമക്ക് സെൻസർ ബോർഡ് നിർദേശിച്ചത് രണ്ട് കട്ടുകൾ മാത്രം. സെൻസർ രേഖയിലാണ് ഇക്കാര്യമുള്ളത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം ആറു സെക്കൻഡ് കുറച്ചു. ദേശീയ പതാകയെ കുറിച്ചുള്ള പരാമർശം നാലു സെക്കൻഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കൻഡ് കൂട്ടിച്ചേർത്തു. ഇത് രണ്ടും ചേർന്നാൽ ആകെ 10 സെക്കൻഡ് മാത്രമാണ് ഒഴിവാക്കിയത്.

179 മിനിറ്റ് 52 സെക്കൻഡാണ് സിനിമയുടെ ആകെ ദൈർഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സി.ബി.എഫ്.സി എമ്പുരാൻ സിനിമ സെൻസർ ചെയ്തിരിക്കുന്നത്. മാർച്ച് ആറിനാണ് എമ്പുരാന്റെ സെൻസറിങ് നടന്നത്. ഇപ്പോൾ സംഘ്പരിവാർ ഉയർത്തിക്കൊണ്ടുവരുന്ന വിഷയങ്ങളൊന്നും ബോർഡിന്റെ പരിഗണനയിലേ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. സ്വരൂപ കർത്ത, റോഷ്‌നി ദാസ് കെ, ജി.എം. മഹേഷ്, എം.എം. മഞ്ജുഷൻ എന്നിവരായിരുന്നു സെൻസർ ബോർഡിലുണ്ടായിരുന്നത്. കൂടാതെ, നദീം തുഫൈൽ എന്ന റീജനൽ ഓഫിസറും സംഘത്തിലുണ്ടായിരുന്നു. സിനിമയിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന ഭാഗങ്ങളാണ് സംഘ്പരിവാർ ഗ്രൂപ്പുകളെയും സോഷ്യൽമീഡിയ ഹാൻഡിലുകളെയും ചൊടിപ്പിച്ചിരിക്കുന്നത്.

മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബർ ആക്രമണമാണ് സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്നുണ്ടാവുന്നത്. സിനിമ ബഹിഷ്കരണ ആഹ്വാനം ഉയരുന്നുണ്ടെങ്കിലും ബി.ജെ.പി രണ്ടു തട്ടിലാണ്. ബി.ജെ.പി -ആർ.എസ്.എസ് ബന്ധമുള്ള നാല് നോമിനികൾ സെൻസർ ബോർഡിലുണ്ടായിട്ടും സിനിമക്ക് എങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടി എന്ന ചർച്ച ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു.

ഇവർക്കടക്കം ഈ സിനിമ സെൻസർ ചെയ്തതിൽ വീഴ്ചയുണ്ടായി എന്ന് ഒരുവിഭാഗം നേതാക്കൾ വാദിച്ചു. ബി.ജെ.പിയുമായി ബന്ധമുള്ളവർ സെൻസർ ബോർഡിലില്ലെന്നായിരുന്നു മറുവിഭാഗത്തിന്‍റെ വാദം. ആർ.എസ്.എസ്, തപസ്യ എന്നിവയുമായി ബന്ധപ്പെട്ടവരാണ് നാലുപേരെന്നും ഇവർക്ക് വീഴ്ച പറ്റിയോ എന്നത് പരിശോധിക്കണമെന്നും അഭിപ്രായമുയർന്നു. മോഹൻലാൽ തന്റെ സുഹൃത്താണെന്നും ആ നിലക്കാണ് താൻ സിനിമ കാണുമെന്ന് പ്രതികരിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു.

ഫലത്തിൽ ബി.ജെ.പിക്കുള്ളിൽ തന്നെ സിനിമയോടുള്ള സമീപനകാര്യത്തിൽ വ്യത്യസ്ത നിലപാട് പ്രകടമാണ്. അതേസമയം ആർ.എസ്എസ് നേതാക്കളടക്കം ബഹിഷ്കരണ ആഹ്വാനം മുഴക്കുമ്പോൾ സിനിമ ബഹിഷ്കരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി ഔദ്യോഗിക തീരുമാനം. ഇക്കാര്യ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവർത്തിക്കുകയും ചെയ്തു.

Full View


Tags:    
News Summary - Censor board recommends two cuts in Empuraan; Censorship details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.