കൊച്ചി: കേന്ദ്ര സർക്കാറും യു.ജി.സിയും സംസ്ഥാന സർക്കാറിനുകീഴിലെ സർവകലാശാലകളെ അസ്ഥിരപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ആശങ്കജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന പുതിയ യു.ജി.സി നിയന്ത്രണങ്ങൾ ഇതിന് ഉദാഹരണമാണ്. യു.ജി.സി ചട്ടങ്ങൾപോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ പൊതു സർവകലാശാലകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും യു.ജി.സിയുടെ വിശ്വാസ്യതതന്നെ ചോദ്യം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി സർവകലാശാലയിൽ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭകൾ രൂപവത്കരിച്ച നിയമങ്ങൾക്കനുസൃതമായാണ് സംസ്ഥാന സർവകലാശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ, യു.ജി.സിയുടെ നിയന്ത്രണങ്ങൾ ഈ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു. കേന്ദ്ര സർക്കാറും യു.ജി.സിയും ഇത്തരം നടപടികളിൽനിന്ന് വിട്ടുനിൽക്കണം. അധ്യാപക നിയമനങ്ങൾക്കോ സമാന കാര്യങ്ങൾക്കോ മിനിമം യോഗ്യത സ്ഥാപിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ, യു.ജി.സി അതിരുകൾ ലംഘിക്കുന്നത് അസ്വീകാര്യമാണ്. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുകയും വ്യത്യസ്ത പഠന വെല്ലുവിളികൾ നേരിടുന്ന പഠിതാക്കളെ ഉൾക്കൊള്ളുകയുമാണ് സർക്കാർ ലക്ഷ്യം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി. ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഫ. വി.കെ. രാമചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇഷിതാ റോയ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, ഡോ. സഞ്ജയ് ബഹറി, ഡോ.നീന അർനോൾഡ്, കുസാറ്റ് വൈസ് ചാൻസലർ പ്രഫ. എം. ജുനൈദ് ബുഷിരി തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി: ട്രാൻസ്ജെൻഡർമാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും സംവരണം ഏർപ്പെടുത്തണമെന്ന് ഹൈകോടതി. ട്രാന്സ്ജെൻഡർമാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച് നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയും കേന്ദ്ര സർക്കാറും തമ്മിലെ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ആറു മാസത്തിനകം സംവരണം ഏർപ്പെടുത്തണമെന്നാണ് നിർദേശം. സംവരണ ആവശ്യം ഉന്നയിച്ച് പാലക്കാട് സ്വദേശി സി. കബീർ അടക്കമുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സുപ്രീംകോടതി ട്രാൻസ്ജെൻഡർമാരുടെ അവകാശം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കാൻ ഹൈകോടതിതന്നെ പല ഉത്തരവുകളിട്ടെങ്കിലും നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമെന്ന് കണക്കാക്കി വിദ്യാഭ്യാസ, തൊഴിൽ സംവരണം ഏർപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. സർക്കാറിന്റെ നയരൂപവത്കരണ കാര്യത്തിൽ സാധാരണ ഗതിയിൽ കോടതി ഇടപെടാറില്ലെങ്കിലും ട്രാൻസ്ജെൻഡർമാരുടെ അവകാശം സുപ്രീംകോടതി തന്നെ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
നിയമപരമായ വ്യവസ്ഥകളും ഉത്തരവുകളുമില്ലെങ്കിൽ സംവരണം നടപ്പാക്കാനാകില്ലെന്നും തുല്യാവകാശം നിഷേധിക്കാൻ ഇത് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവും തൊഴിലും വേണ്ടത് ട്രാൻസ്ജെൻഡർമാരുടെ പുരോഗതിക്ക് അനിവാര്യമായതിനാൽ സംവരണം നടപ്പാക്കുന്നത് സർക്കാറിന് വൈകിപ്പിക്കാനാകില്ലെന്നും നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.