കൊച്ചി: ഇക്കുറി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഞ്ച് സീറ്റ് ഉറപ്പെന്ന് കേരളത്തിന്റെ ചുമതലയുള്ള പാർട്ടി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറും ആവർത്തിച്ച കേരളത്തിൽ ബി.ജെ.പിക്ക് ഒരു ലോക്സഭ സീറ്റ് ഉറപ്പിക്കുന്ന റിപ്പോർട്ടുമായി കേന്ദ്ര ഇന്റലിജൻസ്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സുരേഷ് ഗോപി പ്രതീക്ഷ വെക്കുന്ന തൃശൂരിൽ പക്ഷെ എൽ.ഡി.എഫ് സാധ്യതയാണ് ഇന്റലിജൻസ് പറയുന്നത്. എൽ.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ ആലപ്പുഴ അടക്കം 14 എണ്ണം യു.ഡി.എഫിനെന്നും ശേഷിച്ച നാലെണ്ണത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമെന്നുമാണ് റിപ്പോർട്ട്. ആറ്റിങ്ങൽ, മാവേലിക്കര, ചാലക്കുടി, പാലക്കാട് എന്നിവയാണ് ഇവ. സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം യു.ഡി.എഫിനെ തുണക്കുമെന്നും ഇക്കാരണത്താൽ ഈ നാല് മണ്ഡലങ്ങളിൽ മിക്കതും യു.ഡി.എഫ് സാധ്യത നിലനിൽക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് സിറ്റിങ് എം.പി യു.ഡി.എഫിലെ ശശി തരൂരിനേക്കാൾ ചലനമുണ്ടാക്കാൻ കഴിഞ്ഞുവെന്നും മികച്ച പ്രതിച്ഛായ അദ്ദേഹത്തിനുണ്ടെന്നും കേന്ദ്ര ഏജൻസി വിലയിരുത്തുന്നു. രാഷ്ട്രീയത്തിനും സമുദായ നേതൃത്വങ്ങളുടെ ആഹ്വാനങ്ങൾക്കുമപ്പുറം തീരദേശം അദ്ദേഹത്തെ പിന്തുണച്ചെന്നാണ് നിഗമനം. ആറ്റിങ്ങലിൽ വി. മുരളീധരൻ ബഹുദൂരം മുന്നിലെത്തിയെന്നും റിപ്പോർട്ടിലുണ്ട്. തൃശൂരിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ചപോലെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. വിവാദങ്ങളും ബി.ജെ.പിയിലെ പ്രശ്നങ്ങളും പ്രതികൂലമായി ബാധിച്ചു. രണ്ടുമാസം മുമ്പുണ്ടായിരുന്ന അനുകൂല തരംഗം നഷ്ടമായെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട്, വി.എസ്. സുനിൽകുമാർ എൽ.ഡി.എഫിന്റെയും കെ. മുരളീധരൻ യു.ഡി.എഫിന്റെയും സ്ഥാനാർഥികളായതും സാധ്യത ഇല്ലാതാക്കിയെന്ന് വിലയിരുത്തുന്നു. പത്തനംതിട്ടയിൽ അനിൽ ആന്റണി കഴിഞ്ഞ തവണ എൻ.ഡി.എ നേടിയതിനേക്കാൾ കൂടുതൽ വോട്ട് പിടിക്കും. വടകരയിലും കോഴിക്കോട്ടും ബി.ജെ.പിക്ക് വോട്ട് വർധിക്കും. കെ.സി. വേണുഗോപാലിന്റെ സ്ഥാനാർഥിത്വമാണ് കോൺഗ്രസിന് ആലപ്പുഴയിൽ നേട്ടമായത്. ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ആലപ്പുഴയിൽ സി.പി.എമ്മിന് തിരിച്ചടിയാകും.
മുസ്ലിം ലീഗിന് മലബാറിൽ അടിതെറ്റില്ല. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയിൽ വിജയം ഷാഫി പറമ്പിലിനാകും. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിജയവും ഏറെക്കുറെ ഉറപ്പാണ്. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിന്റെ ഗുണം എല്ലാ തലത്തിലും ഇക്കുറിയും യു.ഡി.എഫിന് കിട്ടുമെന്നും നിഗമനമുണ്ട്. തെരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണം വിലയിരുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.