പാലക്കാട്: കേന്ദ്ര വൈദ്യുതി നിയമത്തിൽ നിഷ്കർഷിക്കുന്നതുപോലെ യോഗ്യത സർട്ടിഫിക്കറ്റാവശ്യമില്ലെന്നും പരിചയസമ്പന്നത മതിയെന്നുമുള്ള കെ.എസ്.ഇ.ബിയുടെ വാദം തള്ളി ഊർജ വകുപ്പ്. കേന്ദ്രനിയമത്തിലെ സുരക്ഷ മാനദണ്ഡങ്ങളിൽ പറയുന്ന കരാർ ലൈസൻസ്, വർക്ക് പെർമിറ്റ് എന്നിവ ബാധകമാക്കാതിരുന്ന നടപടി തള്ളിയാണ് സംസ്ഥാന ഊർജ വകുപ്പിനുവേണ്ടി ജോയൻറ് സെക്രട്ടറി ഒപ്പിട്ട കത്ത് കൈമാറിയത്. വൈദ്യുതി അപകടങ്ങളിൽ സുരക്ഷ ചുമതലയുള്ള ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഷയം പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. യോഗ്യത സർട്ടിഫിക്കറ്റ്, വർക് പെർമിറ്റ്, കരാർ ലൈസൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ 1959ലെ വൈദ്യുതി നിയമം മുതൽ വിവിധ യോഗ്യത മാനദണ്ഡങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി വാദം.
പിന്നീട് വന്ന വൈദ്യുതി നിയമത്തിലോ (2003), ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തി ഇറങ്ങിയ 2010ലെയും 2023ലെയും സുരക്ഷ മാനദണ്ഡങ്ങളിലോ ഇക്കാര്യത്തെപ്പറ്റി സൂചനകളുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നിയമം നടപ്പാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ വന്ന നിർദേശങ്ങളിൽനിന്ന് കെ.എസ്.ഇ.ബി ഒഴിഞ്ഞുമാറിയിരുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉൾപ്പെടെ യോഗ്യത മാനദണ്ഡം ഉറപ്പാക്കണമെന്ന് ഊർജവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യോഗ്യതയുള്ള കരാറുകാരുടെ അഭാവം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി നിലപാടിൽ ഉറച്ചുനിന്നു.
2024 നവംബർ ആറിന് ആവശ്യത്തിന് കരാറുകാരെ ലഭിക്കാത്ത സാഹചര്യത്തിൽ കരാറുകാരുടെ യോഗ്യത സർട്ടിഫിക്കറ്റിനേക്കാളുപരി പരിചയസമ്പന്നതക്ക് പ്രാധാന്യം കൊടുത്ത് നിയോഗിക്കാമെന്ന് കാണിച്ച് കെ.എസ്.ഇ.ബി ഉത്തരവിറക്കുകയും സർക്കാർ അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്തു.
കെ.എസ്.ഇ.ബി എൻജിനീയർമാർക്ക് നിയമത്തെപ്പറ്റി അവഗാഹമുണ്ടെന്നും അവരുടെ നിരീക്ഷണം മതിയെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇക്കാര്യം പരിശോധിച്ച ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.എസ്.ഇ.ബി നിർദേശം തള്ളിയാണ് റിപ്പോർട്ട് നൽകിയത്. ജനുവരി 28നാണ് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കാണിച്ച് ജോയൻറ് സെക്രട്ടറി കെ.എസ്.ഇ.ബി ചെയർമാന് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.