കോട്ടയം: ഇടതുപിന്തുണയോടെ കെ.എം. മാണി മുഖ്യമന്ത്രിയാകുമെന്ന ചർച്ച രാഷ്ട്രീയകേരളത്തിൽ നിറഞ്ഞുനിൽക്കുന്ന കാലം. നിർണായക തീരുമാനത്തിനായി കെ.എം. മാണി മുതിർന്ന േനതാക്കളുടെ യോഗം വിളിച്ചു. അവസരം വിട്ടുകളയരുതെന്നായിരുന്നു നേതൃനിരയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടത്. ''മാണി സാർ മുഖ്യമന്ത്രിയാകുന്നതിൽ എനിക്ക് എതിർപ്പില്ല. പക്ഷേ, ഒപ്പം ഞാനുണ്ടാവില്ല''- സി.എഫ് നിലപാട് വ്യക്തമാക്കി. ഇത് കേട്ടതോടെ ഇനി ഇടതു ചർച്ചയില്ലെന്ന് പ്രഖ്യാപിച്ച കെ.എം. മാണി, യോഗവും പിരിച്ചുവിട്ടു. ഇത്രമേൽ പ്രധാനമായിരുന്നു കെ.എം. മാണിക്കും കേരള കോൺഗ്രസിനും സി.എഫിെൻറ നിലപാട്.
ഏറ്റവുമൊടുവിൽ മാണിയുടെ മരണത്തിനു പിന്നാലെ കേരള കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങിയപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയതും സി.എഫിെൻറ വാക്കുകളായിരുന്നു. യഥാർഥ കേരള കോൺഗ്രസിനൊപ്പമാകും താനെന്ന് വ്യക്തമാക്കി അദ്ദേഹം ജോസഫിനൊപ്പംനിന്നു. യു.ഡി.എഫിൽ ജോസഫിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ അഞ്ചുപതിറ്റാണ്ട് കെ.എം. മാണിയുടെ നിഴലായിരുന്നു സി.എഫ്. തോമസിെൻറ ഈ നിലപാടിന് വലിയ പങ്കുണ്ടായിരുന്നു.
കെ.എം. മാണിക്കൊപ്പമായിരുന്നു എന്നും സി.എഫ്. തോമസ്. ചെയർമാൻ സ്ഥാനമെന്ന കേരള കോൺഗ്രസിെൻറ പ്രധാനപ്പെട്ട പദവിയും ഒരുവേള മാണി സി.എഫ്. തോമസിനെ വിശ്വസിച്ചേൽപിച്ചു. മാണിയുടെ മരണം വരെ ആ വിശ്വാസം സി.എഫും കാത്തുസൂക്ഷിച്ചിരുന്നു. ഒരിക്കൽകൂടി ചെയർമാൻ സ്ഥാനത്തേക്ക് എത്താനിരിക്കെയാണ് വിയോഗം. സി.എഫിനെ പാർട്ടി ചെയർമാനാക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു.
പാർട്ടിയിൽ രണ്ടാമനായി പതിറ്റാണ്ടുകളോളം പ്രവർത്തിച്ചിട്ടും ചങ്ങനാശ്ശേരിക്ക് അപ്പുറത്തേക്ക് വളരാൻ അദ്ദേഹം താൽപര്യം കാട്ടിയിട്ടില്ല. സംസ്ഥാനത്ത് നിറഞ്ഞുനിൽക്കാൻ കഴിയുന്ന രാഷ്ട്രീയ കൗശലവും കണക്കുകൂട്ടലുകളും ഒപ്പമുണ്ടായിട്ടും ചങ്ങനാശ്ശേരിയുടെ നാട്ടിടവഴികളിലൂടെ തെൻറ യാത്രയെ അദ്ദേഹം ഒതുക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ചങ്ങനാശ്ശേരിയിൽനിന്ന് സി.എഫിനെ മാറ്റിനിർത്താൻ പാർട്ടിയിലെ യുവനിര വൻ സമ്മർദമാണ് ചെലുത്തിയത്. ജോസ് കെ. മാണിയടക്കം എതിർനിരയിൽ നിലയുറപ്പിച്ചിട്ടും മാണി സി.എഫിനെ േചർത്തുനിർത്തി.
ഞാൻ അടുത്ത തവണ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച്, കെ.എം. മാണിയുടെ സമ്മർദത്തെ സി.എഫ് ഏറ്റെടുക്കുന്നതും കോട്ടയം കണ്ടു. നിയമസഭയിൽ 40 വർഷം തികഞ്ഞ വേളയിലും ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സൗമ്യതയായിരുന്നു എന്നും മുഖമുദ്ര. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും എക്കാലവും ലാളിത്യം ചേർത്തുനിർത്തി. വീടും വാഹനവുമൊക്കെ ഇതിനു തെളിവായി. ഒരിക്കൽപോലും അഴിമതിയുടെ ആേരാപണശരങ്ങൾ ഏറ്റില്ല. എതിരാളികളും ബഹുമാനിച്ചിരുന്ന സി.എഫിന് ശത്രുക്കളില്ലെന്ന നേതാവെന്ന വിശേഷണവും പലരും ചാർത്തിനൽകിയിട്ടുണ്ട്.
ചങ്ങനാശ്ശേരിക്കാർക്ക് ആദ്യകാലങ്ങളിൽ ബേബി സാറായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികൾ പലതെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിെൻറ 'നിശ്ശബ്ദത' ആയുധമാക്കി. ചങ്ങനാശ്ശേരിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രചാരണം. എന്നാൽ, ആരോടും കലഹിച്ചില്ല. എതിർ ആരോപണങ്ങളും ഉയർത്തിയില്ല. പക്ഷേ, സി.എഫിനെയായിരുന്നു ചങ്ങനാശ്ശേരിക്ക് എന്നും വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.