‘നിലവിളിക്കാൻ ശ്രമിച്ചപ്പോൾ നാക്ക് തളർന്നു; തൊട്ടുമുന്നിൽ മോഷ്ടാവിനെ കണ്ടപ്പോൾ ശബ്ദം പുറത്തേക്ക് വന്നില്ല’ -ഭീതി മാറാതെ വീട്ടമ്മ

മണ്ണഞ്ചേരി (ആലപ്പുഴ): ഉറങ്ങിക്കിടക്കവേ കഴുത്തിൽനിന്ന് കുറുവ സംഘമെന്ന് കരുതുന്ന സംഘം സ്വർണമാല കവർന്നതിന്റെ ഭീതി മാറാ​തെ മണ്ണഞ്ചേരി മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദു. ഇവരു​ടെ മൂന്നര പവന്റെ സ്വർണമാലയാണ് അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന മേകാഷ്ടാക്കൾ കവർന്നത്. ഇതേക്കുറിച്ച് പറയുമ്പോൾ ശബ്ദത്തിന് ഇപ്പോഴും പേടി മാറാത്ത ഇടർച്ച. ഭർത്താവിനും മകൾക്കുമൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തത്.

‘ഉറക്കത്തിൽ കഴുത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയാണ് ഉണർന്നത്. തൊട്ട് മുന്നിൽ മോഷ്ടാവിനെ കണ്ടപ്പോൾ ശബ്ദം പുറത്തേക്ക് വന്നില്ല. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ നാക്ക് തളർന്നു പോയ അവസ്ഥ. അൽപസമയത്തിന് ശേഷമാണ് ശബ്ദം പുറത്തേക്ക് വന്നത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഉണർന്നതോടെ മോഷ്‌ടാവ് ഓടി. പിന്നാലെ ഓടിച്ചെന്നെങ്കിലും പുറത്തിറങ്ങി അയൽവീടിന്റെ ഭാഗത്തേക്ക് രക്ഷപ്പെട്ടു’ -ഇന്ദു പറയുന്നു.

സ്വർണത്തിന് പുറമേ മുറിയിലെ മേശപ്പുറത്ത് വെച്ച ആയിരം രൂപയോളം സൂക്ഷിച്ചിരുന്ന പഴ്‌സും നഷ്‌ടപ്പെട്ടു. പിന്നീട് വീടിന്റെ അടുക്കള ഭാഗത്ത് പുറത്ത് പഴ്സും പേപ്പറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിലെ അലമാരയും മറ്റും തുറക്കുവാൻ ശ്രമിച്ചിട്ടില്ല.

ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ വീടുകളിലാണ് ഇന്നലെ ക​ുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം നടന്നത്. ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ മാലകൾ പൊട്ടിച്ചെടുക്കുകയും സമീപത്തെ നിരവധി വീടുകളിൽ മോഷണ ശ്രമം നടത്തുകയും ചെയ്തു. മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നര പവന്റെ സ്വർണമാലയും സമീപ വാർഡിൽ കോമളപുരം പടിഞ്ഞാറ് നായിക്യംവെളി വീട്ടിൽ അജയകുമാറിന്റെ ഭാര്യ ഇന്ദുവിന്റെ മാലയുമാണ് കവർന്നത്. അജയകുമാറിന്റെ ഭാര്യയുടെ മാല മുക്കു പണ്ടമായിരുന്നുവെങ്കിലും താലി സ്വർണമായിരുന്നു. താലി പിന്നീട് വീട്ടിലെ തറയിൽനിന്ന് ലഭിച്ചു.

സമീപത്തെ പോട്ടയിൽ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ ചൊവ്വാഴ്ച പുലർച്ചെ പന്ത്രണ്ട് മുതലാണ് മോഷണപരമ്പര തുടങ്ങിയത്. പ്രദേശത്തു നിന്നു ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് രണ്ടാഴ്ച മുമ്പ് മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം മോഷണശ്രമം നടത്തിയ മോഷ്‌ടാക്കൾ തന്നെയാണ് ഇവരെന്നാണ് സൂചന.

രാത്രി മഴ പെയ്യുന്ന സമയത്തായിരുന്നു മോഷണങ്ങൾ. നടന്നാണ് കള്ളൻമാർ വീടുകളിലെത്തിയത്. ദൂരെ എവിടെയെങ്കിലും വാഹനംവെച്ച ശേഷം ഇവിടേക്ക് നടന്നു വന്നതായാണ് പൊലീസ് കരുതുന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്‌ടാക്കൾ കടന്നു കളയുകയായിരുന്നു. ആലപ്പുഴ ഡി.വൈ.എസ്‌.പി മധു ബാബു വീടുകൾ സന്ദർശിച്ചു. പൊലീസ് നായും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകൾ ശേഖരിച്ചു.

മോഷണം നടന്ന വീട്ടിൽ പൊലീസും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകൾ ശേഖരിക്കുന്നു

Tags:    
News Summary - Chain-snatching victim in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.