കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഹർഷിനക്കെതിരെ വനിതാ കമീഷൻ അധ്യക്ഷ പി.സതീദേവി. ഇപ്പോൾ നടക്കുന്ന ഹർഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ഹർഷിനയെ വീട്ടിൽ പോയി കണ്ട് സഹായം വാഗ്‌ദാനം ചെയ്തെങ്കിലും അവർ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു. ഹർഷിനക്ക് ആവശ്യമെങ്കിൽ വനിതാ കമീഷൻ സൗജന്യ നിയമസഹായം നൽകുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
നഷ്‌ടപരിഹാരം തേടി ഹർഷിന ഈ ആഴ്‌ച ജില്ലാ കോടതിയിൽ ഹരജി നൽകാനിരിക്കെയാണ് വനിതാ കമീഷൻ അധ്യക്ഷയുടെ പരാമർശങ്ങൾ. വയറ്റിൽ കത്രിക കുടുങ്ങിയത് ഗവ. മെഡിക്കൽ കോളജിൽനിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് 2023 മാർച്ച് 29ന് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്‌ത സംഘത്തിലുണ്ടായിരുന്ന 2 ഡോക്‌ടർമാർ, 2 സ്റ്റാഫ് നഴ്‌സുമാർ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
2017 നവംബർ 30ന് ആയിരുന്നു മെഡിക്കൽ കോളജിൽ നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബർ 17ന് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ വയറ്റിൽ നിന്ന് ആർട്ടറി ഫോർസെപ്‌സ് (കത്രിക) കണ്ടെടുക്കുകയും ചെയ്‌തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.