കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിെച്ചന്ന കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീർ എം.എൽ.എയുടെ മൊഴിയെടുത്തു. സംഭവത്തിൽ പത്രത്തിന്‍റെ ഡയറക്ടർകൂടിയായ എം.കെ. മുനീറിന് ഏതെങ്കിലും തരത്തിൽ അറിവുണ്ടോ എന്നറിയാനായിരുന്നു മൊഴിയെടുക്കൽ.
ഫിനാൻസ് സംബന്ധമായ കാര്യങ്ങൾ ആരാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. അക്കൗണ്ടിലെത്തിയത് പത്രത്തിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള വരിസംഖ്യയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം ഇ.ഡിയോട് പറഞ്ഞു. ഡയറക്ടർ എന്ന നിലയിൽ പത്രത്തിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറുണ്ട്. കൂടാതെ, ഡയറക്ടർ ബോർഡിൽ വരുന്ന കാര്യങ്ങളെക്കുറിച്ച വിവരങ്ങളാണ് തനിക്കുള്ളത്.
ഫിനാൻസ് ഡയറക്ടറാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അസുഖ ബാധിതനായതിനാൽ കഴിഞ്ഞ അഞ്ചുവർഷമായി ഹൈദരലി ശിഹാബ് തങ്ങൾ പത്രത്തിന്‍റെ കൂടുതൽ കാര്യങ്ങളിൽ ഇടപെടാറില്ലെന്നും ഉദ്യോഗസ്ഥർക്ക് മറുപടി നൽകി.
തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ എത്തിയ എം.കെ. മുനീറിന്‍റെ മൊഴിയെടുക്കൽ ഒന്നരയോടെ അവസാനിച്ചു. ഡയറക്ടർ എന്ന നിലക്ക് സാക്ഷിയായാണ് തന്നെ വിളിപ്പിച്ചതെന്ന് മുനീർ പ്രതികരിച്ചു. ചോദ്യങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
നോട്ട് നിരോധനകാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ട് വഴി വെളുപ്പിച്ചെന്നാണ് പരാതി. ഇത് പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണെന്നാണ് ആരോപണം. അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.