വളപട്ടണം പോലീസ്‌ സ്റ്റേഷനിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിൽ അറസ്റ്റിലായ ചാണ്ടി ഷമീമിനെ പൊലീസ് പിടികൂടിയപ്പോൾ

പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ കത്തിച്ച ചാണ്ടി ഷമീം മണിക്കൂറുകൾക്കകം പിടിയിൽ

വളപട്ടണം (കണ്ണൂർ): വളപട്ടണം സ്റ്റേഷനിൽ സൂക്ഷിച്ച വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച പ്രതിയെ പൊലീസ് മണിക്കൂറുകൾക്കകം സാഹസികമായി പിടികൂടി. വളപട്ടണം സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച അഞ്ച് വാഹനങ്ങളാണ് കാപ്പ പ്രതിയായി ശിക്ഷിച്ച് നാടുകടത്തപ്പെട്ട പ്രതി ചാണ്ടി ഷമീം (42) തീയിട്ട് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. പൊലീസുകാർ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചില്ല. തുടർന്ന് ഒരു യൂനിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സ്റ്റേഷന് പിറകുവശത്തായി സൂക്ഷിച്ച കേസിൽപ്പെട്ട ഷമീമിന്റെ തന്നെ ജീപ്പിനാണ് ഇയാൾ ആദ്യം പെട്രോളൊഴിച്ച് തീവെച്ചത്. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറ്, ബുള്ളറ്റ്, സ്കൂട്ടർ എന്നിവയിലേക്കും തീ ആളിപടർന്നു. സ്റ്റേഷന്റെ പിറകുവശത്തുകൂടെയാണ് ഷമിം പുലർച്ച മൂന്നോടെ കോമ്പൗണ്ടിലേക്ക് കയറിയത്. കൈയിൽ ഉണ്ടായിരുന്ന പെട്രോൾ ഉപയോഗിച്ച് സ്വന്തം ജീപ്പിന് തീയിട്ട് പിറകുവശത്തൂടെ തന്നെ രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ ഷമീമിന്റെ മുഖം പതിഞ്ഞിരുന്നു. തുടർന്ന് ഇയാളുടെ ഫോൺ കോളുകൾ ട്രേസ് ചെയ്ത നടത്തിയ അന്വേഷണത്തിൽ ചിറക്കൽ കോട്ടക്കുന്നിലെ കെട്ടിട്ടത്തിൽനിന്ന് ചൊവ്വാഴ്ച രാവിലെ 10ന് പിടികൂടി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെയും ഷമീം ആക്രമിച്ചു. തുടർന്ന് പൊലീസ് സാഹസികമായാണ് കീഴടക്കിയത്.

തിങ്കളാഴ്ച രാവിലെ പൊലീസ് ഒരു കേസുമായി ബന്ധപ്പെട്ട് ഷമീമിന്റെ ചിറക്കൽ ആശാരി കമ്പനിക്കടുത്തെ വീട്ടിലെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ സഹോദരൻ ഷംഷീനിനൊപ്പം സ്റ്റേഷനിലെത്തി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിൽ എസ്.ഐ സന്തോഷിനെ കൈയേറ്റം ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിന് പൊലീസ് സഹോദരൻ ഷംഷീനിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ സമയം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഷമീം സ്റ്റേഷനിൽനിന്ന് കടന്നുകളഞ്ഞു. തുടർന്നാണ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. 2022 ഡിസംബറിൽ പ്രതിക്കെതിരെ കാപ്പ ചുമത്തിയിരുന്നു. വീണ്ടും കാപ്പ ചുമത്തണോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Tags:    
News Summary - Chandy Shameem, who set fire to vehicles at the police station, arrested within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.