നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന ചാനലുകള്‍ ഇല്ലാതാക്കുന്നത് അവരുടെ വിശ്വാസ്യത- വി.ഡി. സതീശൻ

നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന ചാനലുകള്‍ ഇല്ലാതാക്കുന്നത് അവരുടെ വിശ്വാസ്യത- വി.ഡി. സതീശൻ

തിരുവനന്തപുരം: നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന ചാനലുകള്‍ ഇല്ലാതാക്കുന്നത് അവരുടെ വിശ്വാസ്യതയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചില ചാനലുകള്‍ എല്ലാ ദിവസവും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ്. ഒരു ദിവസം ഒരാളെ പ്രഖ്യാപിക്കും. പിറ്റേന്ന് ആള് മാറും. രാത്രിയാകുമ്പോള്‍ മറ്റൊരാളെ പ്രഖ്യാപിക്കും. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അധികാരമെങ്കിലും യു.ഡി.എഫിന് വിട്ടു തരണം.

ചില ചാനലുകള്‍ക്ക് ഇതില്‍ അജണ്ടയുണ്ട്. മറ്റു ചിലര്‍ അത് ഏറ്റെടുക്കുകയാണ്. സി.പി.എം സ്ഥാനാർഥിയെ ഒരു ചാനലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയെ എന്തിനാണ് പ്രഖ്യാപിക്കുന്നത്? ഇത് ശരിയാണോയെന്ന് ആലോചിക്കണം. നിങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും ആലോചിക്കണം. ചെയ്യുന്നത് ശരിയാണോയെന്ന് ആലോചിക്കണം. കോണ്‍ഗ്രസിന് പിന്നാലെ ലെന്‍സുമായി ഇങ്ങനെ നടക്കുന്നത് എന്തിനാണ്?

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂര്‍ണ സജ്ജമാണ്. ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബൂത്ത് കമ്മിറ്റികള്‍ ഉള്‍പ്പെടെ അത് നേരിടാന്‍ സജ്ജമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് ഇപ്പുറത്ത് നിന്നും എന്തെങ്കിലും കിട്ടുമോയെന്ന് നോക്കിയ ശേഷമാണ് എല്‍.ഡി.എഫ് സാധാരണയായി സ്ഥാനാർഥിയെ കണ്ടെത്തുന്നത്. എന്നാല്‍ അവരുടെ സ്ഥാനാർഥിയെ നോക്കിയല്ല യു.ഡി.എഫ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്.

ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ചിലര്‍ പുഷ്പനെ അറിയാമോയെന്ന് ചോദിക്കുമ്പോള്‍ മറ്റു ചിലര്‍ ഗോള്‍വാള്‍ക്കറിന്റെ പടം ഉയര്‍ത്തിക്കാട്ടുകയാണ്. രണ്ടു പേരും ചെയ്യുന്നത് ഒന്നു തന്നെയാണ്. ഇതില്‍ നിന്നും രണ്ടു കൂട്ടരും അകന്നു നില്‍ക്കണം. ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് എന്നതാണ് യു.ഡി.എഫ് നിലപാട്. ആര്‍.എസ്.എസിന്റെ പരിപാടിയും പുഷ്പനെ അറിയാമോയെന്ന സി.പി.എം പരിപാടിയും നിര്‍ത്തണം. വിശ്വാസികളുടെ പണം പിരിച്ചിട്ടാണ് പുഷ്പനെ അറിയാമോയെന്ന് സി.പി.എമ്മുകാര്‍ ചോദിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസ് അഴിമതിക്കേസല്ല. നെഹ്‌റുവിന്റെ കലം മുതല്‍ ഉണ്ടായിരുന്ന പ്രസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ യംഗ് ഇന്ത്യ എന്ന കമ്പനിയുണ്ടാക്കി. അത് കമ്പനി നിയമത്തിന് വിരുദ്ധമാണെന്നു പറയുന്നത് ശരിയല്ല. സെക്ഷന്‍ 25 അനുസരിച്ച് കമ്പനി രൂപീകരിക്കാനുള്ള അവകാശം നാഷണല്‍ ഹെറാള്‍ഡിനുണ്ട്. കേസിനെ നിയമപരമായി നേരിടും. പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ എടുത്ത എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തി. ഒരു കേസിലും ബുദ്ധമൂട്ടിച്ചില്ല.

എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസ് അവര്‍ എടുത്തതല്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഹിയറിങിന് ഇടയില്‍ കണ്ടെത്തിയ വസ്തുതയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. അത് രാഷ്ട്രീയപ്രേരിതമാണെന്ന് എങ്ങനെ പറയും? മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് കമ്പനി മൊഴി നല്‍കി.

അങ്ങനെയാണ് ആ കേസുണ്ടായത്. അല്ലാതെ കേന്ദ്ര ഏജന്‍സികള്‍ പിണറായി കുടുക്കാന്‍ നോക്കിയതല്ല. എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ലാവലിന്‍ കേസ് 34 തവണ മാറ്റി വച്ചിട്ടും സി.ബി.ഐ അഭിഭാഷകന്‍ ഹാജരായില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ പിണറായിയെ സഹായിച്ചു. ഇതുവരെയുള്ള മുഴുവന്‍ കേസുകളിലും കേരളത്തിലെ സി.പി.എമ്മിനെയും പിണറായിയെയും സഹായിക്കുകയാണ് ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Full View


Tags:    
News Summary - Channels announcing Congress candidate in Nilambur are destroying their credibility - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.