ചാരുംമൂട്: രാഷ്ട്രീയ പ്രവർത്തകനിൽ നിന്ന് ജീവകാരുണ്യ പ്രവർത്തകനിലേക്കുള്ള പരിവർത്തനമാണ് ചാരുംമൂട് ഷെരീഫിന്റെ ജീവിതം. രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് ലഭിച്ച മനംമടുപ്പിക്കുന്ന അനുഭവങ്ങളാണ് ചുനക്കര തെക്ക് സലീം ഭവനിൽ എൻ. ഷെരീഫിനെ ജീവകാരുണ്യ പ്രവറത്തകനാക്കിയത്.
സമൂഹത്തിൽ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി 1997ൽ പിതാവ് നാഗൂർ റാവുത്തരുടെ സ്മരണക്കായാണ് ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷനു രൂപം നൽകിയത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസറായി വിരമിച്ച 74കാരനായ എൻ. ഷരീഫ് തനിക്ക് ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്നുള്ള ഒരു വിഹിതം ഉപയോഗിച്ചാണ് സംഘടനയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. അര നൂറ്റാണ്ടുകാലം സി.പി.എം പ്രവർത്തകനായിരുന്ന ഷരീഫ് കായംകുളം എം.എസ്.എം കോളജിലെ കെ.എസ്.എഫ്, എസ്.എഫ്.ഐ എന്നിവയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് ഏരിയ കമ്മിറ്റി ട്രഷറർ, ബാലസംഘം ഏരിയ ജോയിന്റ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി വേണ്ടത്ര പരിഗണന നൽകാത്തതിൽ മനംനൊന്ത അദ്ദേഹം ജീവകാരുണ്യ പ്രവർത്തനം പ്രധാന കർമ മേഖലയാക്കുകയായിരുന്നു.
പ്രതിവർഷം മൂന്നു ലക്ഷം രൂപ വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി പ്രോത്സാഹന പദ്ധതികളാണ് ഫൗണ്ടേഷൻ നടപ്പാക്കി വരുന്നത്. വിവിധ ക്ലാസുകളിലും വിഷയങ്ങൾക്കും വാർഷിക പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് അരലക്ഷം രൂപയുടെ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ക്യാഷ് അവാർഡുകൾ, പട്ടികജാതി വിദ്യാർഥികളുടെ ഉന്നമനത്തിനായി സ്കോളർഷിപ്പ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗനവാടിക്ക് കെട്ടിടം നിർമിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം വാങ്ങി നൽകി. വൃദ്ധസദനത്തിലേക്ക് വാഷിങ് മെഷീനും അന്തേവാസികൾക്ക് ഓണക്കോടിയും നൽകി. നിരവധി കുട്ടികളെ ഫൗണ്ടേഷൻ പഠനത്തിനായി ദത്തെടുത്തിട്ടുണ്ട്.
നിലവിൽ ആർട്ടിസ്റ്റ് കെ.ആർ. രാജൻ ഫൗണ്ടേഷൻ ചെയർമാൻ, ചാരുംമൂട് പൗരസമിതി രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. വിദ്യാഭ്യാസ- ജീവകാരുണ്യ - സാംസ് കാരിക മേഖലയിലെ മികച്ച സംഭാവനക്ക് ലണ്ടൻ മലയാളി കൗൺസിൽ, റാവുത്തർ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആദരവും ഷരീഫിനു ലഭിച്ചിട്ടുണ്ട്. റിട്ട. അധ്യാപിക എൻ. ഹമീദാ ബീവിയാണ് ഭാര്യ. ജിഷ, ഷെഫ, റേഷ്മ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.