രാസ ലഹരികൾ കൊറിയർ വഴി കേരളത്തിലേക്ക്

കൊച്ചി: കൊറിയർ, വിദേശ തപാൽ സംവിധാനങ്ങൾ വഴി സംസ്ഥാനത്ത് ലഹരിക്കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ഇങ്ങനെ കടത്തിയ ലഹരി ഉൽപന്നങ്ങൾ പൊലീസും എക്സൈസും പിടികൂടിയിരുന്നു. വ്യക്തികളുടേയോ സ്ഥാപനങ്ങളുടെയോ വിലാസം ദുരുപയോഗം ചെയ്താണ് കടത്ത്. ഇതിന് ഉപയോഗിക്കുന്ന നമ്പർ ലഹരിവാങ്ങുന്ന ആളുടെയോ ഇടനിലക്കാരന്‍റെതോ ആകും. സ്ഥാപനത്തിൽ വന്നോ വഴിയിൽ വെച്ചോ കൊറിയർ വാങ്ങുകയാണ് പതിവ്. വീട്ടുവിലാസങ്ങളിൽ പാഴ്സലുകൾ എത്തിക്കാത്ത സ്ഥാപനങ്ങൾ ഉണ്ട്. ഇത് ലഹരി സംഘങ്ങൾക്ക് ദുരുപയോഗം ചെയ്യുകയാണ്.

കൊറിയർ വഴിയുള്ള ഇടപാടുകൾ നിരീക്ഷണത്തിലാണെന്ന് എക്സൈസ് - പൊലീസ് സംഘം അറിയിച്ചു. സംശയം തോന്നുന്നവയെപ്പറ്റി വിവരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നെതർലൻഡിൽനിന്നാണ് വിദേശ തപാൽ വഴി എം.ഡി.എം.എ സംസ്ഥാനത്ത് വ്യാപകമായി എത്തുന്നത്. അമേരിക്കയിൽനിന്നും ഖത്തറിൽനിന്നും ഇത്തരത്തിൽ എത്തിയ എം.ഡി.എം.എ പാഴ്സലുകൾ പിടികൂടിയിരുന്നു.

എന്നാൽ, വിദേശത്തുനിന്ന് വരുന്ന എം.ഡി.എം.എയെക്കാൾ മലയാളികൾ കൂടുതലും വാങ്ങുന്നത് ബംഗളൂരിൽ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നൈജീരിയൻ മാഫിയയാണ് ബംഗളൂർ കേന്ദ്രീകരിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത്. ഇവർ വീര്യം കൂട്ടാൻ മറ്റ് മാരക ഉൽപന്നങ്ങളും ചേർക്കും. അതിനാൽ ആവശ്യക്കാർ ഏറെയുള്ളത് ബംഗളൂരു, ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവക്കാണ്.

സൗന്ദര്യവർധക വസ്തുക്കള്‍, മരുന്നുകൾ, ഭക്ഷണപദാർഥങ്ങൾ, പുസ്തകങ്ങള്‍ എന്നീ പേരുകളിലയക്കുന്ന പാഴ്സലുകളിലാണ് കടത്ത്. സോഷ്യൽ മീഡിയ ആപ്പുകളായ ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സ്ആപ്പ് എന്നിവക്ക് പുറമെ ഡാർക്വെബ് വഴിയും ലഹരി ഇത്തരക്കാർ വാങ്ങുന്നുണ്ട്. മുമ്പ് ട്രെയിൻ, കെ.എസ്.ആർ.ടി.സി ബസുകൾ വഴിയായിരുന്നു കടത്ത്. പരിശോധന വ്യാപകമായതും, പൊലീസ് നായെ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇവ വേഗം കണ്ടുപിടിക്കുന്നതിനാലുമാണ് കൊറിയറിലേക്ക് തിരിഞ്ഞത്.

നഗരങ്ങൾ കേന്ദ്രീകരിച്ച് കൊറിയർ സ്ഥാപനങ്ങൾക്ക് നിരവധി കേന്ദ്രങ്ങൾ ഉള്ളതും അവിടെ സ്ഥിരം പരിശോധനക്ക് സംവിധാനം ഇല്ലാത്തതും ഇവർക്ക് സഹായമാവുകയാണ്.ചില സ്ഥാപനങ്ങളിൽ ലഹരി ഉൽപന്നങ്ങളുടെ ഇടനിലക്കാർ ഡെലിവെറി ബോയ് ആയി സേവനം അനുഷ്ഠിക്കുന്നുണ്ട്. അവർ വഴി സുരക്ഷിതമായി ലഹരി എത്തിക്കുന്നുണ്ട്. അത്തരക്കാരായ ചിലരും ചില സ്ഥാപനങ്ങളും അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്.

Tags:    
News Summary - Chemical intoxicants to Kerala by courier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.