കൊച്ചി: ചെങ്ങറ ഭൂസമരത്തെ തുടർന്ന് തയാറാക്കിയ പുനരധിവാസ പാക്കേജ് നടപ്പാക്കാൻ വിദഗ്ധ സമിതി റിപ്പോർട്ട് വരുന്നതും കാത്ത് സർക്കാർ. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചേർത്ത് രൂപവത്കരിച്ച ജില്ല-സംസ്ഥാനതല വിദഗ്ധ സമിതികളുടെ റിപ്പോർട്ടിനാണ് സർക്കാർ കാത്തിരിക്കുന്നത്. കുടിൽ കെട്ടി സമരം നടത്തിയവർക്ക് സർക്കാർ നൽകിയ ഭൂമി വാസയോഗ്യമാക്കാനാവുമോയെന്ന് പരിശോധിക്കാൻ ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി സർക്കാറിന് നിർദേശം നൽകിയിരുന്നു. ഇത് പിടിവള്ളിയായി കണ്ട സർക്കാർ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിദഗ്ധ സമിതികൾ രൂപവത്കരിച്ചു. ജില്ലതലത്തിൽ കലക്ടറും സംസ്ഥാനതലത്തിൽ ലാന്‍ഡ് റവന്യൂ കമീഷണറുമാണ് സമിതികളുടെ കൺവീനർമാർ. റവന്യൂ, കൃഷി, വനം-വന്യജീവി, ഊർജം, പൊതുമരാമത്ത്, പട്ടിക വിഭാഗക്ഷേമം, ജലവിഭവം തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതികൾ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിവരുകയാണ്. ഭൂമി വാസയോഗ്യമാക്കാനാവുമെന്ന അനുകൂല റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ ഹൈകോടതി അനുമതിയോടെ തന്നെ പ്രശ്നം പരിഹരിക്കാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് സർക്കാർ.
ഇതിനകം 499 കുടുംബത്തിന് അനുവദിച്ച ഭൂമി വാസ യോഗ്യമാണെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും 181 കുടുംബം മാത്രമാണ് അനുവദിച്ചിടത്ത് താമസിക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
സമരം നടത്തിയവർക്ക് 10 ജില്ലയിലായി 831 ഏക്കർ പതിച്ച് നൽകാനായിരുന്നു സർക്കാർ ഉത്തരവ്. 1495 കുടുംബത്തിനാണ് ഇത് ലഭിക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 945 കുടുംബത്തിന് പട്ടയം അനുവദിച്ചെങ്കിലും ഭൂമി വാസ യോഗ്യമല്ലാത്തതിനാൽ സമരക്കാർ ചെങ്ങറ സമര ഭൂമിയിലേക്കും ബന്ധുവീടുകളിലേക്കും തിരിച്ചുപോയി.
പിന്നീട് സമരക്കാർ നൽകിയ ഹരജികളിലാണ് ജൂൺ 13ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.