തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകൻ ഏൽപ്പിച്ച പരിക്കിൽനിന്നും രക്ഷപ്പെടാനാണ് കോടിയേരി ബാലകൃഷ്ണൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാസ്തവത്തിൽ ആദ്യം രാജിവെക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുൻപ് കോടിയേരി ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ഇപ്പോൾ എടുത്ത ഈ തീരുമാനം പാർട്ടിയിലെ ഗുരുതരമായ അഭിപ്രായ വ്യത്യാസം കാരണമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതുപോലൊരു അവസ്ഥ മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടായിട്ടില്ല.
മകൻ തെറ്റ് ചെയ്താൽ പാർട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്വമാണെന്നാണ് നേരത്തെ സി.പി.എം ചോദിച്ചത്. ഇപ്പോൾ അത് മാറിയല്ലോ. ഉത്തരവാദിത്വം ഉണ്ടെന്ന് സി.പി.എം സമ്മതിച്ചല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. ആളുകളെ കബളിപ്പിക്കുന്ന ഈ പരിപാടി സി.പി.എം അവസാനിപ്പിക്കണം. കേരളത്തിന്റെ ചരിത്രത്തിൽ ഒരു പാർട്ടിയും പാർട്ടി സെക്രട്ടറിയും ഇത്രയധികം ദുഷിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല.
അധോലക പ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവച്ച് ജനവിധി തേടാൻ തയാറാകണം. കോടിയേരിയുടെ പാത പിണറായി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.