ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് മത്സരിക്കണമെന്നും മത്സരിച്ചാൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻസ്ഥാനം ഏറ്റെടുക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. ആലപ്പുഴയിൽ ചേർന്ന കോൺഗ്രസ് സ്പെഷൽ കൺവെൻഷനിലാണ് നിർദേശം മുന്നോട്ടുവെച്ചത്. വേണുഗോപാലും താനുമായി അഭിപ്രായവ്യത്യാസമില്ല. ചിലർ അഭിപ്രായവ്യത്യാസമുണ്ടാക്കാൻ നോക്കുന്നുണ്ട്. അത്തരക്കാരെ ചുണ്ണാമ്പ് തൊട്ടുവെച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ 20 സീറ്റിൽ ആദ്യം ജയിക്കുക ആലപ്പുഴയിലായിരിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. താനും രമേശും ചേട്ടനും അനിയനുമാണ്. വൈകാരിക അടുപ്പമുള്ളവരാണ്. തങ്ങൾക്കിടയിൽ ഇണക്കവും പിണക്കവുമുണ്ട്. ഇനിയും പിണങ്ങിയേക്കാം. താനീ സമ്മേളനത്തിന് വന്നത് ഇങ്ങനെയൊരു സന്ദേശം നൽകാൻ തന്നെയാണ്. പദവികൾ ജീവിതത്തിൽ കിട്ടുന്ന അവസരങ്ങളാണ്. അത് കിട്ടാതാവുമ്പോൾ വിഷമമാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗകരായി പിന്നീടെത്തിയ യു.ഡി.എഫ് കൺവീനർ എം.എം. ഹസനും കൊടിക്കുന്നിൽ സുരേഷ് എം.പിയും അടക്കമുള്ളവർ കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചു. ചെന്നിത്തലയും വേണുഗോപാലും നീണ്ട ഇടവേളക്കുശേഷമാണ് ഒരേ വേദിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.