കോഴിക്കോട്: ‘‘അവൻ മാത്രമല്ല, അവന്റെകൂടെ രണ്ടുപേർ കൂടിയുണ്ട്. അവരെയും കണ്ടെത്തണം. അവരെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരണം’’ -ജൂലൈയിൽ കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് അർജുന്റെ സഹോദരി അഞ്ജു വിതുമ്പി പറഞ്ഞതോടെ ആവശ്യമായത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഞായറാഴ്ച ഉച്ചക്ക് 12.45ഓടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്.
അപകടത്തിന്റെ ആദ്യദിവസങ്ങളിലൊന്നും വേണ്ടത്ര ശ്രദ്ധയുണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചപ്പോൾ അവിടത്തെ രീതിയങ്ങനെയാണെന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഷിരൂരിൽ താൽക്കാലികമായി തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണെന്ന് അഞ്ജു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു എന്നിവരുമായി മുഖ്യമന്ത്രി 10 മിനിറ്റോളം അകത്തിരുന്ന് സംസാരിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മുൻ എം.എൽ.എ എ. പ്രദീപ്കുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ്. സജീദ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.