കോഴിക്കോട്: മലപ്പുറത്തിനെതിരായ വിവാദ അഭിമുഖത്തിൽ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി വിമർശനമുയർത്തി വിഷയം തണുപ്പിക്കാൻ ശ്രമിക്കുന്നതാണ് ചൊവ്വാഴ്ച കോഴിക്കോട് കണ്ടത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്. മുസ്ലിം സംഘടനകളും യു.ഡി.എഫും മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവരികയും സി.പി.എം പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ് സി.പി.എം ജില്ല കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിൽ ബി.ജെ.പി വിമർശനത്തിന് ഏറെ സമയം മുഖ്യമന്ത്രി ചെലവഴിച്ചത്. സാമ്രാജ്യത്വ, സയണിസ്റ്റ് വിരുദ്ധ പരാമർശങ്ങൾക്ക് പുറമെ ഫലസ്തീൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനവും ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന സംഘ്പരിവാർ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളുടെ അനുഭാവം പിടിച്ചുപറ്റാനും സംഘ്പരിവാറിന് ചൂട്ടുപിടിക്കുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനുമായിരുന്നു ശ്രമം.
ഹിന്ദു ദിനപത്രത്തിൽ തന്റേതായി വന്ന അഭിമുഖം തെറ്റാണെന്ന് പറഞ്ഞതിനൊപ്പം അതിലെ പരാമർശങ്ങൾ മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തുവെന്നതാണ് കൗതുകകരം.
കരിപ്പൂർ വിമാനത്താവളം മലപ്പുറത്തായതിനാൽ അവിടെ പിടിക്കുന്ന കേസുകൾ ആ ജില്ലയുടെ കണക്കിലാണ് പറയുകയെന്ന് വിശദീകരിച്ച മുഖ്യമന്ത്രി പക്ഷേ, അത് ദേശദ്രോഹ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു എന്ന അഭിമുഖത്തിലെ പരാമർശത്തിൽ മൗനം പാലിച്ചു. എന്നാൽ, നേരത്തേ വാർത്തസമ്മേളനത്തിൽ അദ്ദേഹം തന്നെ വിശദീകരിച്ച സ്വർണക്കടത്തിന്റെയും ഹവാല പണം പിടികൂടിയതിന്റെയും കണക്കുകൾ ഉയർത്തിയായിരുന്നു മലപ്പുറം വിമർശനം അദ്ദേഹം ആവർത്തിച്ചത്. അത് രാജ്യസ്നേഹമാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. അതേസമയം, പത്രത്തിലെ അഭിമുഖത്തിനായി പി.ആർ ഏജൻസിയെ നിയോഗിച്ചത് ആരെന്നോ അവർ താൻ പറയാത്ത കാര്യങ്ങൾ പത്രത്തിന് നൽകിയതിനെക്കുറിച്ചോ മുഖ്യമന്ത്രി വിശദീകരിച്ചില്ല. ചുരുക്കത്തിൽ ന്യൂനപക്ഷങ്ങളെ തലോടിയും ബി.ജെ.പിയെ വിമർശിച്ചും വിവാദത്തിൽനിന്ന് തലയൂരാനുള്ള ശ്രമമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.