തിരുവനന്തപുരം: സംസ്ഥാനത്ത് വായ്പ നിക്ഷേപ അനുപാതം താഴുന്നതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വികസനത്തിന് അനുയോജ്യമല്ലാത്ത ചില സമീപനങ്ങൾ അടുത്ത കാലത്തായി ഉണ്ടായി. ഇതു തിരുത്താൻ ബാങ്കുകൾ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വായ്പകൾ അനുവദിക്കുന്നതിൽ തുറന്ന സമീപനം വേണം. വായ്പ നിക്ഷേപ അനുപാതം ഉയരണമെന്നും സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വായ്പ നിക്ഷേപ അനുപാതം നിലവിലെ 63ൽനിന്ന് 75 ശതമാനമായെങ്കിലും ഉയർത്തണം. പശ്ചാത്തല സൗകര്യ വികസനത്തിന് വായ്പ അനിവാര്യമാണ്. അതിൽ ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് അനുകൂലമായാണ് റിസർവ് ബാങ്ക് പ്രതിനിധി പ്രതികരിച്ചത്.
ബാങ്കിങ് മേഖലയിലെ ഡിജിറ്റൽവത്കരണം കേരളത്തിൽ നല്ല നിലയിലാണ്. വിലക്കയറ്റവും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. ഇതിൽ സംസ്ഥാന സർക്കാറിനെ അഭിനന്ദിക്കുന്നതായി ആർ.ബി.ഐ അധികൃതർ പറഞ്ഞു.
ബാങ്ക് ഇടപാടുകളിലെ കാലതാമസം ഒഴിവാക്കുമെന്നും, എം.എസ്.എം.ഇ വായ്പക്ക് കാലതാമസമുണ്ടാകുന്നെന്ന പരാതി പരിഹരിക്കുമെന്നും സ്വർണപ്പണയ വായ്പ പോലെ സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ഇടപാടുകളിലെ നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.