കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗത്തിൽ ഉയർന്നത് പരിഭവങ്ങളും പരാതികളും. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ പ്രധാന മുസ്ലിം സംഘടന നേതാക്കളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിച്ചത്. കോഴിക്കോട് മലബാർ പാലസിൽ നടന്ന പരിപാടിയിൽ സംഘടന ഭാരവാഹികളും സമുദായത്തിലെ വിദ്യാഭ്യാസ-മാധ്യമ പ്രമുഖരും സംബന്ധിച്ചു.
മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള പരിമിതികളും പ്രയാസങ്ങളും വിവരിച്ചാണ് മിക്ക നേതാക്കളും സംസാരിച്ചത്. ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവും ആവശ്യത്തിന് കോളജുകളില്ലാത്തതും എല്ലാവരും ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങൾ നിർമിക്കാൻ ജില്ല കലക്ടറുടെ പ്രത്യേക അനുമതി വേണമെന്ന ഉത്തരവ് പലസ്ഥലങ്ങളിലും നിർമാണത്തിന് തടസ്സമായിരിക്കുകയാണെന്നും അതിനാൽ അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്നും നേതാക്കൾ പറഞ്ഞു.
തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ കാര്യമായ ഒരു പദ്ധതിയും സർക്കാർതലത്തിൽ ഇതുവരെ ആവിഷ്കരിച്ചിട്ടില്ലെന്നും യു.എൽ.സി.സി മാതൃകയിൽ ഇവർക്കായി പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും അഭിപ്രായമുയർന്നു. തൊഴിൽ നൈപുണ്യമുള്ളവരെ വീണ്ടും വിദേശ രാജ്യങ്ങളിലേക്ക് അയക്കാൻ ഒഡാപെക് സംവിധാനമൊരുക്കണം. ബാർ ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിച്ച് മദ്യം വ്യാപകമാക്കുന്ന സർക്കാർ നയത്തിനെതിരെ വിമർശനമുണ്ടായി. ഇത് ഏറ്റവും ബാധിക്കുന്നത് വനിതകളെയാണെന്ന് യോഗത്തിൽ പെങ്കടുത്ത വനിത പ്രതിനിധി പറഞ്ഞു. വഖഫ് ട്രൈബ്യൂണലിലെ അംഗങ്ങളിൽ രണ്ടുപേരും കാന്തപുരം വിഭാഗത്തിൽ നിന്നായത് ശരിയല്ലെന്നും വഖഫ് കേസുകളിൽ ഏകപക്ഷീയ തീരുമാനത്തിന് ഇടവരുത്തുമെന്നും സമസ്ത നേതാക്കൾ ചൂണ്ടിക്കാട്ടി. പൊലീസിൽ സംഘ്പരിവാർ അനുകൂല വിഭാഗം പ്രവർത്തിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായി പലരും പരാതിപ്പെട്ടു. അനാഥാലയങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാന സർക്കാറിെൻറ ഭാഗത്തുനിന്ന് ആവശ്യമായ നിയമനിർമാണം ഉണ്ടാകണമെന്നും അനംഗീകൃത-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.പി. ഉമർ മുസ്ലിയാർ കൊയ്യോട്, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. മോയിൻകുട്ടി മാസ്റ്റർ, നാസർ ഫൈസി കൂടത്തായി (സമസ്ത), സത്താർ പന്തല്ലൂർ (എസ്.കെ.എസ്.എസ്.എഫ്), എം.െഎ. അബ്ദുൽ അസീസ്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബ് റഹ്മാൻ (ജമാഅത്തെ ഇസ്ലാമി), ഒ. അബ്ദുറഹ്മാൻ (മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ), പി.എം. സാലിഹ് (സോളിഡാരിറ്റി), പി.സി. ശുഹൈബ് (എസ്.െഎ.ഒ), സി.വി. ജമീല (ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം), ടി.പി. അബ്ദുല്ലക്കോയ മദനി, ഉണ്ണീൻകുട്ടി മൗലവി, ഹുസൈൻ മടവൂർ (കെ.എൻ.എം), മജീദ് സ്വലാഹി (െഎ.എസ്.എം), കുഞ്ഞിമുഹമ്മദ് പറപ്പൂർ, പി.കെ. അശ്റഫ് (മുജാഹിദ് വിസ്ഡം), സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, എൻ. അലി അബ്ദുല്ല (കേരള മുസ്ലിം ജമാഅത്ത്), മുഹമ്മദ് പറവൂർ, എസ്. ശറഫുദ്ദീൻ (എസ്.വൈ.എസ്), പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ (വഖഫ് ബോർഡ് ചെയർമാൻ) വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ പി.കെ. അഹമ്മദ്, സി.പി. കുഞ്ഞുമുഹമ്മദ്, അഡ്വ. എം. മുഹമ്മദ്, കടവനാട്ട് മുഹമ്മദ് തുടങ്ങിയവർ പെങ്കടുത്തു. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ടി.എ. റഹീം, എ. പ്രദീപ് കുമാർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി പി.കെ. ദിലീപ് കുമാർ, ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി, ജില്ല കലക്ടർ യു.വി. ജോസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.